യുഎസിൽ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനഭാഗങ്ങൾ കണ്ടെത്തി

തോട്ടപ്പള്ളി സന്ദീപും കുടുംബവും. (ഫയൽ ചിത്രം)

വാഷിങ്ടൻ ∙ യുഎസിൽ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. നദിയിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ കുടുംബത്തിനായുള്ള തിരച്ചിലിനിടെയാണ് മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്നു സംശയിക്കുന്ന ചില വസ്തുക്കളും കിട്ടിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

തോട്ടപ്പള്ളി സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യാത്രാമധ്യേ കാണാതായത്. ഒറിഗോണിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം.

ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിനായാണു പൊലീസ് ഹെലിക്കോപ്റ്റർ സഹായത്തോടെ നദിയിൽ തിരച്ചിൽ നടത്തുന്നത്. ഈൽ നദിയിൽ 12 മൈൽ ദൂരെ വരെ തിരച്ചിൽ നടത്തിയതായി സ്വിഫ്റ്റ് വാട്ടർ റെസ്ക്യു ടീംസ് അറിയിച്ചു.

വാഹനം കണ്ടെത്താനായിട്ടില്ലെന്നും ബോഡിയിലെയും ഇന്റീരിയറിലെയും ചില ഭാഗങ്ങൾ കണ്ടുകിട്ടിയതായും കലിഫോർണിയ ഹൈവേ പട്രോൾ പറഞ്ഞു. കാണാതായ കുടുംബത്തിന്റേതെന്നു കരുതുന്ന വസ്തുക്കളാണു ഇപ്പോൾ കിട്ടിയതെന്നും എന്തെല്ലാമാണെന്നു വെളിപ്പെടുത്താനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒരു ബാങ്കിന്റെ വൈസ് പ്രസിഡന്റായാണു സന്ദീപ് ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്, ലിങ്ക്ഡ്ഇൻ അക്കൗണ്ടുകളിൽ പറയുന്നു.