ഉന്നാവ കൂട്ടമാനഭംഗക്കേസ്: ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗര്‍ കസ്റ്റഡിയിൽ

കുല്‍ദീപ് സിങ് സെംഗര്‍ (ഫയൽ ചിത്രം)

ലക്നൗ∙ യുപിയിലെ ഉന്നാവയില്‍ പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സിബിഐ ആണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലുള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണു സിബിഐയുടെ നടപടി. ഇന്നു പുലർച്ചെ നാലരയ്ക്ക് ലക്നൗവിലെ വസതിയിൽനിന്നാണ് എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ലക്നൗവിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഉന്നാവോയിലെ സെംഗർ, മാഖി പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നു കേസുകളാണ് സിബിഐ അന്വേഷിക്കുക.

കഴിഞ്ഞ വര്‍ഷം ജൂണിലാണു മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്‍കിയത്. നടപടി ആവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവു പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ‍ഞായറാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്.

സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് അലഹാബാദ് ഹൈക്കോടതി ആരായുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയെ കസ്റ്റഡിയിൽ എടുത്തത്. പോക്സോ, ഐപിസി നിയമപ്രകാരം എംഎൽഎയ്ക്കെതിരെ കുറ്റം ചാർത്തിയിരുന്നു.

പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടും സർക്കാർ അറസ്റ്റ് വൈകിപ്പിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണെന്ന്, ചീഫ് ജസ്റ്റിസ് ദിലീപ് ബാബാ സാഹബ് ബോസ് ലേ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ േഗാപാൽ സ്വരൂപ് ചതുർവേദി എഴുതിയ കത്ത് പൊതുതാൽപര്യഹർജിയായി പരിഗണിച്ചാണു കോടതി സംഭവത്തിൽ ഇടപെട്ടത്.