ബൈക്കിൽ കഞ്ചാവു കടത്താൻ ശ്രമം: വിദ്യാർഥി അടക്കം രണ്ടുപേർ പിടിയിൽ

കഞ്ചാവുമായി കട്ടപ്പന എക്‌സൈസിന്റെ പിടിയിലായ ഡൊമിനിക്കും ടിൻസും

കട്ടപ്പന∙ ബൈക്കിൽ കടത്താൻ ശ്രമിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി വിദ്യാർഥി അടക്കം രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. പുറ്റടി തുറവാതുക്കൽ ഡൊമിനിക് (27), കരുണാപുരം മൂങ്കിപ്പള്ളം ഇടപ്പാടിയിൽ ടിൻസ് (23) എന്നിവരാണു പിടിയിലായത്. എക്‌സൈസ് റേഞ്ച് ഓഫിസർ എസ്. നിജുമോന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ആറോടെ പുളിയൻമലയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

എക്‌സൈസ് സംഘത്തെകണ്ട് പ്രതികൾ ബൈക്ക് തിരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതുകണ്ട് സംശയംതോന്നി പിടികൂടിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കമ്പത്തു നിന്ന് എറണാകുളത്തേയ്ക്ക് കഞ്ചാവ് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കുമളിയിലുള്ള കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ടിൻസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അസിസ്റ്റന്റ് റേഞ്ച് ഓഫിസർ സുരേഷ്, സനൽ, അബ്ദുൾ ജബ്ബാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.