പാർട്ടി പ്രതിസന്ധിയിൽ, പിബി അംഗങ്ങൾ വിടുവായത്തം നിർത്തണം: സിപിഎം

ഹൈദരാബാദ്∙ പിബി അംഗങ്ങള്‍ വിടുവായത്തം നിര്‍ത്തണമെന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. പാര്‍ട്ടി കടന്നുപോവുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയാണെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന് ഉദാഹരണമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു. കേന്ദ്രകമ്മിറ്റിയിലും പിബിയിലും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സംവിധാനമുണ്ട്. ഇത് ആശ്വാസ്യമല്ലെന്നും സംഘടനാ റിപ്പോർട്ടിൽ തുറന്നടിക്കുന്നു.

ജനകീയസമരങ്ങളില്‍ കേന്ദ്രനേതാക്കള്‍ കൂടുതല്‍ പങ്കുവഹിക്കണമെന്നു റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. പാര്‍ട്ടിയില്‍ തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞു, വനിതകളും കുറവാണ്. കാംപസുകളില്‍ നിന്ന് വേണ്ടത്ര അണികളുണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. ത്രിപുര‌യിലെ പരാജയത്തിന്റെ കാരണങ്ങളും പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയും രാഷ്ട്രീയ സംഘടന റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നു. പാർട്ടിയുടെ ജനകീയ അടിത്തറ ബലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം പാർട്ടി കോൺഗ്രസിൽ സിതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും തുറന്ന പോരിലാണ്. കോണ്‍ഗ്രസ് സഖ്യം സാധ്യമല്ലെന്ന് തുറന്നുപറഞ്ഞ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു മറുപടിയുമായി യച്ചൂരി രംഗത്തെത്തിയിരുന്നു.

അതേസമയം സിപിഎം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേൽ ഇന്ന് പൊതുചർച്ച നടക്കും. കാരാട്ട് പക്ഷത്തെ കേരള ഘടകവും യച്ചൂരി പക്ഷത്തെ ബംഗാൾ ഘടകവും പിന്തുണയ്ക്കും. കെ.കെ. രാഗേഷ്, കെ.എൻ. ബാലഗോപാൽ, പി.രാജീവ് എന്നിവർ കേരളത്തിൽനിന്നു സംസാരിക്കും.