കലൂർ: പൗരന്മാരുടെ ജീവൻ വച്ച് കളിക്കരുതെന്ന് ബൽറാം, കെട്ടിടാനുമതി റദ്ദാക്കാൻ കലക്ടർ

കലൂരിൽ കെട്ടിടം ഇടിഞ്ഞു താണുണ്ടായ അപകടം. ചിത്രം: മനോരമ

കൊച്ചി∙ കലൂരിൽ കെട്ടിടം ഇടിഞ്ഞ് അപകടമുണ്ടായ സ്ഥലത്തെ ബിൽഡിങ് പെർമിറ്റ് റദ്ദാക്കാൻ നഗരസഭയോടു ശുപാർശ ചെയ്യുമെന്നു ജില്ലാ കലക്ടർ മുഹമ്മദ് സഫീറുല്ല. ഇതുമായി ബന്ധപ്പെട്ടു പരിശോധന നടത്താൻ കലക്ടർ നിയോഗിച്ച ആറംഗ വിദഗ്ധ സമിതി വൈകിട്ടു റിപ്പോർട്ട് സമർപ്പിക്കും. വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ റോഡും ഭൂമിയും ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. 

മെട്രോയും റോഡ് ഗതാഗതവും പുനസ്ഥാപിക്കാനുള്ള നടപടികൾക്കാണ് ഇപ്പോൾ മുൻഗണനയെന്നും കലക്ടർ പറഞ്ഞു. അതിനിടെ സംഭവത്തിൽ ഇടപെട്ട് വി.ടി.ബൽറാം എംഎൽഎയും രംഗത്തെത്തി. ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും കാലാനുസൃതവും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കെട്ടിടമല്ല തകർന്നത്’

കലൂരിൽ തകർന്നതു കെട്ടിട നിർമാണത്തിനായി സ്ഥാപിച്ച താൽക്കാലിക ഇരുമ്പ് സ്ട്രക്ച്ചറാണെന്നു നിർമാണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട നിർമാണം പൂർണ തോതിൽ  ആരംഭിച്ചിരുന്നില്ലെന്നും കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറഞ്ഞു. 12 നില കെട്ടിടമാണു ടെക്സ്റ്റൈൽ ഷോറൂമിനായി നിർമിക്കേണ്ടിയിരുന്നത്. ഭൂമിക്കടിയിൽ രണ്ടു നിലകളും നിർമിക്കണം. താഴെയുള്ള നിലകളുടെ നിർമാണത്തിന്റെ പൈലിങ് പൂർത്തിയാക്കിയ ശേഷം ഒൻപത് മീറ്റർ ആഴത്തിൽ മണ്ണെടുത്തു മാറ്റുന്ന ജോലികളാണു നടന്നിരുന്നത്.

ചതുരാകൃതിയിലുള്ള പ്ലോട്ടിൽ 30 അടി താഴ്ചയിൽ അഞ്ഞൂറിലേറെ പൈലുകൾ അടിച്ചിരുന്നതായി പറയുന്നു. പ്ലോട്ടിന്റെ മുൻഭാഗത്തുള്ള മുപ്പതിലേറെ പൈലുകൾ വ്യാഴാഴ്ച രാത്രിയിൽ ഭൂമി താഴ്ന്നപ്പോൾ തകർന്നു. പൈലുകൾക്കു മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ബീമുകളും അപകടത്തിൽ തകർന്നു. അഞ്ചു മണ്ണു മാന്തി യന്ത്രങ്ങളാണ് ഇവിടെ  ജോലികളിൽ ഏർപ്പെട്ടിരുന്നത്. ഒരു ക്രെയിനും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയെല്ലാം മണ്ണിനടിയിൽപ്പെട്ടു. 

തൊട്ടടുത്തു നിർമിച്ച കൾവർട്ടിന്റെ നിർമാണ അപാകതയും റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനു കാരണമായതായി സമീപവാസികൾ പറഞ്ഞു. കൾവർട്ട് നിർമിച്ചപ്പോൾ  റോഡ് ഉയർത്തിയിരുന്നെങ്കിലും റോഡിന്റെ വശങ്ങൾ കെട്ടി ബലപ്പെടുത്തിയിരുന്നില്ല. അടുത്തിടെ മാത്രമാണു റോഡിന്റെ ഇടതുവശത്തു ഭിത്തി കിട്ടിയത്. ഈ ഭാഗത്തു നിന്നു മണ്ണിടിഞ്ഞിട്ടുണ്ട്. എന്നാൽ, വാട്ടർ അതോറിറ്റി പൈപ്പ് ലൈനും കെഎസ്ഇബി വൈദ്യുതി ലൈനും മാറ്റി നൽകാൻ വൈകിയതു കൊണ്ടാണു റോഡിനു സംരക്ഷണ ഭിത്തി കെട്ടാൻ വൈകിയതെന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം. 

മെട്രോ റെയില്‍ കടന്നു പോകുന്ന തൂണുകളുടെ സ്ഥിതി പരിശോധിച്ച് കൂടുതല്‍ സംരക്ഷണം ആവശ്യമെങ്കില്‍ അതിനും നിര്‍ദേശം നല്‍കുമെന്നു കലക്ടർ അറിയിച്ചിട്ടുണ്ട്. കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനു സമീപത്തെ മറ്റു കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. റോഡ് ബലപ്പെടുത്തിയ ശേഷം ഇതു വഴിയുള്ള ഗതാഗതം പുനരാരംഭിക്കുമെന്നും  കലക്ടര്‍ അറിയിച്ചു.

പ്രത്യേക ശ്രദ്ധ വേണമെന്ന് ബൽറാം

സംഭവത്തിൽ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ബൽറാം എംഎൽഎ പ്രതികരിച്ചത്: ‘കെട്ടിടം ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല എന്നതു ഭാഗ്യം മാത്രമായേ കാണാൻ കഴിയൂ. നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെയൊരപകടം നടന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഇത് ഒരു സൂചനയായിക്കണ്ട് വേണ്ടത്ര ജാഗ്രത ഭാവിയിലെങ്കിലും പാലിക്കേണ്ടതുണ്ട്.

കൊച്ചിയിലെ പല സ്ഥലങ്ങളും ഇക്കഴിഞ്ഞ പത്തിരുപത് വർഷത്തിനുള്ളിൽ ചതുപ്പ് നികത്തിയെടുത്തതാണെന്നും നാൽപതും അൻപതുമൊക്കെ മീറ്റർ താഴ്ചയിലാണ് ഇവിടെയൊക്കെ കട്ടിയുള്ള മണ്ണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വൻകിട നിർമാണങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും നിരന്തര പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇപ്പോഴത്തെ കാര്യത്തിൽ ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിക്കണം. നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണർന്നേ മതിയാകൂ. ദീർഘവീക്ഷണത്തോടെയുള്ള ടൗൺപ്ലാനിങ് സംവിധാനങ്ങളാണു വേണ്ടത്. പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ആരെയും അനുവദിക്കരുതെന്നും ബൽറാം വ്യക്തമാക്കി.