‘വായടയ്ക്കെടി പെണ്ണേ’യെന്ന് സന്യാസ വേഷധാരി; പെപ്പർ സ്പ്രേ കൊണ്ട് നേരിട്ട് വിദ്യാർഥിനി

കൊച്ചി∙ എറണാകുളം– ഗുരുവായൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ എൻജിനീയറിങ് വിദ്യാർഥിനിയെ ആക്രമിച്ച സന്യാസ വേഷധാരിയെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. വയനാട് അമ്പലവയൽ സ്വദേശി ഭാഗ്യാനന്ദസരസ്വതി(70)യെന്ന പേരാണു പ്രതി പൊലീസിനോടു പറഞ്ഞത്. ‘പൂർവാശ്രമത്തിലെ’ പേരും വിലാസവും പ്രതി വെളിപ്പെടുത്തിയില്ല. വിദ്യാർഥിനിയുടെ പരാതിയിൽ അറസ്റ്റു ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം. ആറുമണിയോടെ ട്രെയിനിൽ കയറിയ പ്രതിയോട് അതു വനിതാ കംപാർട്ട്മെന്റാണെന്നു യാത്രക്കാരികൾ പറഞ്ഞെങ്കിലും ഇയാൾ ഇറങ്ങാൻ തയാറായില്ല. സ്ത്രീകളുടെ സമീപത്തിരുന്നു മോശം ഭാഷയിൽ സംസാരിച്ചു തുടങ്ങിയതോടെ പലരും എഴുന്നേറ്റു മാറി. 

ഇയാളുടെ പ്രവർത്തിയെ ചോദ്യം ചെയ്ത എൻജിനീയറിങ് വിദ്യാർഥിനിയെ ‘വായടയ്ക്കെടി പെണ്ണേ..’ എന്നു പറഞ്ഞു കൈകളിൽ കടന്നുപിടിച്ചു. കുതറി മാറാൻ ശ്രമിച്ചപ്പോൾ കൈപിടിച്ചു പിരിച്ചു. പ്രായമുണ്ടെങ്കിലും ആരോഗ്യവാനായ പ്രതിയുടെ പിടിയിൽ നിന്നും കുതറി മാറാൻ വിദ്യാർഥിനിക്കു കഴിഞ്ഞില്ല. 

ഒടുവിൽ ബാഗിൽ സൂക്ഷിച്ചിരുന്ന കുരുമുളകു സ്പ്രേ സന്യാസവേഷധാരിയുടെ മുഖത്തടിച്ചാണു വിദ്യാർഥിനി ഇയാളുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. മുഖംകഴുകി തിരിച്ചെത്തിയ പ്രതി യുവതി ലഹരിമരുന്നു മുഖത്തു സ്പ്രേ ചെയ്തതായി ആരോപിച്ചു ബഹളമുണ്ടാക്കി ആളെക്കൂട്ടി. ഓടിക്കൂടിയ പലരും പെൺകുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ കംപാർട്മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരികൾ യഥാർഥത്തിൽ നടന്ന സംഭവങ്ങൾ റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരാഴ്ച മുൻപ് കോളജിൽ പെൺകുട്ടികൾക്കു വേണ്ടി സ്വയരക്ഷാ ക്ലാസ് നടത്തിയപ്പോൾ വിതരണം ചെയ്ത കുരുമുളകു സ്പ്രേ കൈവശമുണ്ടായിരുന്നതിനാലാണു രക്ഷപ്പെട്ടതെന്നു പെൺകുട്ടി മൊഴി നൽകി. ട്രെയിൻ അങ്കമാലിയിൽ എത്തിയപ്പോൾ പ്രതി കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു. റെയിൽവേ പൊലീസ് എസ്ഐ ശരത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇയാളെ എത്ര ചോദ്യം ചെയ്തിട്ടും യഥാർഥ പേര് വെളിപ്പെടുത്തിയിട്ടില്ല.