കിമ്മിന്റെ കൊറിയയ്ക്കു മനംമാറ്റം; ആണവ, മിസൈൽ പരീക്ഷണങ്ങൾ‌ നിർത്തി

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.

സോൾ∙ ആണവായുധ, ദീർഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങൾ തത്കാലത്തേക്കു നിർത്തിവച്ചതായി ഉത്തര കൊറിയ. യുഎസ്, ദക്ഷിണ കൊറിയ എന്നിവയുമായി ഉടൻ നടക്കാനിരിക്കുന്ന ചർച്ചകൾ‌ക്കു മുന്നോടിയായാണു തീരുമാനം. എന്നാൽ, ആണവായുധം പൂർണമായി ഉപേക്ഷിക്കാനില്ലെന്ന സൂചനയും ഉത്തര കൊറിയ നൽകുന്നു.

ആണവശക്തിയിൽ രാജ്യം പൂർണത നേടിയെന്നു കഴിഞ്ഞ നവംബറിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കൈവശമുണ്ടെന്നു പലതവണ ഉത്തര കൊറിയ തെളിയിച്ചതുമാണ്. ആണവ, മിസൈൽ പരീക്ഷണങ്ങൾ തത്കാലത്തേക്കു അവസാനിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കിം നോട്ടമിടുന്നത് വരാനിരിക്കുന്ന ചർച്ചകളിലെ മേൽക്കൈ ആണെന്നു നിരീക്ഷണമുണ്ട്.

അതേസമയം, തകർന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണു ദക്ഷിണ കൊറിയയും യുഎസും കരുതുന്നത്. കിമ്മിന്റെ തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ‘എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിർത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകൾ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചിരിക്കുന്നു. അവർക്കും ലോകത്തിനും നല്ല വാർത്തയാണിത്. വലിയ പുരോഗമനമാണിത്. നമ്മുടെ ഉച്ചകോടിക്കായി കാത്തിരിക്കുന്നു’– ട്രംപ് ട്വിറ്ററിൽ പറഞ്ഞു.

ദേശീയതയിൽനിന്നു സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റമാണിതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അഭിപ്രായപെട്ടു. അയൽ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും മികച്ച രാജ്യാന്തര ബന്ധം വളർത്തിയെടുക്കാനും രാജ്യം ആഗ്രഹിക്കുന്നതായി കെസിഎൻഎ വ്യക്തമാക്കുന്നു. ഇതിനിടെ, ഉത്തര–ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായി ചരിത്രത്തിലാദ്യമായി നേതാക്കൾ തമ്മിൽ ഹോട്ട്‌ലൈൻ ബന്ധം നിലവിൽ വന്നു.

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ

ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനും തമ്മിലാണു ടെലിഫോൺ ബന്ധം സ്ഥാപിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.41ന് ഉദ്യോഗസ്ഥർ തമ്മിൽ ‘ടെസ്റ്റ് കോളും’ നടത്തി. സൗഹൃദവിളി നാലു മിനിറ്റും 19 സെക്കൻഡും നീണ്ടെന്നും തൊട്ടപ്പുറത്തെ മുറിയിൽനിന്നാണു മറുപടി വരുന്നതെന്നു തോന്നിക്കുന്ന ഒന്നാന്തരം കണക്‌ഷനാണെന്നും ദക്ഷിണ കൊറിയ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

അടുത്ത വെള്ളിയാഴ്ച ഉച്ചകോടി നടക്കുന്ന അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ കഴിഞ്ഞ ജനുവരിയിൽ ഹോട്ട്‌ലൈൻ സംവിധാനം പുനഃസ്ഥാപിച്ചിരുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഉച്ചകോടിക്കു മുൻപായി കിമ്മും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും ഒരു തവണയെങ്കിലും പുതിയ ഓഫിസ് ഹോട്ട്‌ലൈനിൽ ബന്ധപ്പെടുമെന്നാണു കരുതുന്നത്. കൊറിയൻ നേതാക്കൾ തമ്മിലുള്ള ആദ്യത്തെ ടെലിഫോൺ സംഭാഷണമായിരിക്കുമത്. ഉച്ചകോടിക്കു ശേഷം ഹോട്ട്‌ലൈൻ നിലനിർത്തി ബന്ധം വീണ്ടും മെച്ചപ്പെടുത്താനാകും ശ്രമം.