ഐപിഎല്‍: ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം സ്വന്തമാക്കി ബാംഗ്ലൂർ

ഡല്‍ഹിക്കെതിരെ എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് .ചിത്രം: ഐപിഎൽ

ബെംഗളൂരു∙ ഡൽഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ആറു വിക്കറ്റ് ജയം. സീനിയർ താരം എബി ഡിവില്ലിയേഴ്സിന്റെ മികച്ച ഫോമിലാണ് ഡൽഹി ഉയർത്തിയ 175 റണ്‍സ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കെ ബാംഗ്ലൂര്‍ മറികടന്നത്. 39 പന്തിൽ 90 റൺസുമായി എബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. 

ക്യാപ്റ്റൻ വിരാട് കോഹ്‍ലി 26 പന്തിൽ 30 റണ്‍സെടുത്തു. ക്വിന്റൻ ഡികോക്ക് (16 പന്തിൽ 18), മനൻ വോറ (അഞ്ചു പന്തിൽ രണ്ട്), കോറി ആൻഡേഴ്സൺ (13 പന്തിൽ 15) എന്നിങ്ങനെയാണു മറ്റു ബാംഗ്ലൂർ താരങ്ങളുടെ സമ്പാദ്യം. മൻദീപ് സിങ് 17 റൺസുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ട്രെന്റ് ബോൾട്ട്, ഗ്ലെൻ മാക്സ്‍വെൽ, ഹർഷൽ പട്ടേൽ എന്നിവർ‌ ഓരോ വിക്കറ്റു വീതം വീഴ്ത്തി. 

യുവതാരങ്ങളിൽ തിളങ്ങി ഡൽഹി

അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങളാണ് ആദ്യം ബാറ്റു ചെയ്ത ഡൽഹിക്കു തുണയായത്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് ഡൽഹി എടുത്തത്. 48 പന്തുകളിൽ 85 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ആറു ഫോറും ഏഴു സിക്സും സ്വന്തമാക്കി. 

ശ്രേയസ് അയ്യർ 31 പന്തില്‍ 52 റൺസെടുത്തു. ജേസൺ റോയ് (16 പന്തിൽ അഞ്ച്), ഗൗതം ഗംഭീർ (പത്ത് പന്തിൽ മൂന്ന്), ഗ്ലെൻ മാക്സ്‍വെൽ (ആറു പന്തിൽ നാല്) എന്നിങ്ങനെയാണ് പുറത്തായ ഡൽഹി ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. രാഹുൽ തെവാട്ടിയ (ഒൻപത് പന്തിൽ 16), ക്രിസ് മോറിസ് (പൂജ്യം) എന്നിവർ പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി യുസ്‍വേന്ദ്ര ചഹൽ രണ്ടു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടൻ സുന്ദർ, കോറി ആൻഡേഴ്സൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.