അർധസെഞ്ചുറിയുമായി ഗെയ്ൽ; കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ഒൻപത് വിക്കറ്റ് ജയം

കൊൽക്കത്തയ്ക്കെതിരെ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്.

കൊൽക്കത്ത∙ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒൻപത് വിക്കറ്റ് ജയം സ്വന്തമാക്കി കിങ്സ് ഇലവൻ പഞ്ചാബ്. മഴനിയമ പ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മൽസരത്തിൽ അര്‍ധസെഞ്ചുറി നേടിയ കെ.എൽ. രാഹുൽ, ക്രിസ് ഗെയ്‍ൽ എന്നിവരുടെ പ്രകടനമാണു പഞ്ചാബിനു അനായാസ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുത്തു. 

മറുപടി ബാറ്റിങ്ങിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പഞ്ചാബ് 8.2 ഓവറിൽ 96 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണു വില്ലനായി മഴയെത്തിയത്. തുടർന്ന് 13 ഓവറിൽ 125 റൺസെന്നു വിജയലക്ഷ്യം വെട്ടിച്ചുരുക്കുകയായിരുന്നു. അതായത് മഴയ്ക്കു ശേഷം പഞ്ചാബിനു വേണ്ടത് 28 പന്തിൽ 29 റൺസ് മാത്രം. ക്രിസ് ഗെയ്‌ലും ലോകേഷ് രാഹുലും ചേർന്ന് പഞ്ചാബിനെ അനായാസ ജയത്തിലേക്കു നയിച്ചു.

116 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണു ഇരുവരും കെട്ടിപ്പടുത്തത്. ലോകേഷ് രാഹുൽ 27 പന്തിൽ നിന്നു 60 റൺസ് അടിച്ചുകൂട്ടി. സുനിൽ നാരായണിന്റെ പന്തിൽ ടോം കുറാനു ക്യാച്ച് നല്‍കിയാണ് രാഹുൽ പുറത്തായത്. 11 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് വിജയ റൺസ് കുറിച്ചു. ക്രിസ് ഗെയ്ൽ (38 പന്തിൽ 62), മായങ്ക് അഗർവാൾ (രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഏഴു വിക്കറ്റു നഷ്ടത്തിൽ 191 റൺസ് നേടിയിരുന്നു. ഓപ്പണർ ക്രിസ് ലിന്നിന്റെ അർധസെഞ്ചുറി മികവിലായിരുന്നു ഇത്. 41 പന്തുകൾ നേരിട്ട ലിൻ 74 റണ്‍സെടുത്താണു പുറത്തായത്. ആറു ഫോറും നാലു സിക്സുകളുമടങ്ങുന്നതായിരുന്നു ലിന്നിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ദിനേഷ് കാർത്തിക് 28 പന്തിൽ 43 റൺസെടുത്തു.

സുനിൽ നാരായൺ (നാലു പന്തിൽ ഒന്ന്), റോബിൻ ഉത്തപ്പ (23 പന്തിൽ 34), നിതീഷ് റാണ (അഞ്ചു പന്തിൽ മൂന്ന്), ആന്ദ്രെ റസ്സൽ (ഏഴു പന്തിൽ പത്ത്), ടോം കുറാൻ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ കൊൽക്കത്ത താരങ്ങളുടെ സ്കോറുകൾ. ശുഭ്മാൻ ഗിൽ‌ (എട്ടു പന്തിൽ 14), പീയുഷ് ചൗള (രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. പഞ്ചാബിനായി ബരീന്ദര്‍ സ്രാൻ, അൻഡ്രു ടൈ എന്നിവർ രണ്ടു വിക്കറ്റു വീഴ്ത്തി. ക്യാപ്റ്റൻ അശ്വിൻ, മുജീബുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.