കഠ്‌വ: പ്രതികളുടെ അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്

കഠ്‌വ കൂട്ടമാനഭംഗക്കേസിൽ പെൺകുട്ടിക്കു നീതി തേടി അഹമ്മദാബാദിൽ നടന്ന പ്രതിഷേധത്തിൽനിന്ന്.

ജമ്മു∙ കഠ്‌വ കൂട്ടമാനഭംഗക്കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ജമ്മു കശ്മീർ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. എട്ടുവയസ്സുകാരി പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വസ്തുതകൾ വളച്ചൊടിച്ച് അഭിഭാഷകൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ തീരുമാനത്തിനു പിന്നിൽ. കേസിൽ അറസ്റ്റിലായ വിശാൽ ശർമയ്ക്കെതിരെ മൊഴി കൊടുക്കാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തിയെന്നു സാക്ഷി പറയുന്ന സിഡി അഭിഭാഷകൻ പ്രചരിപ്പിച്ചിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ സഞ്ജി റാമിന്റെ മകനാണു വിശാൽ ശർമ.

സമൂഹമാധ്യമങ്ങളിൽ വൈറലായ സിഡിക്കു പിന്നിൽ ഈ അഭിഭാഷകനാണെന്നാണു വിവരം. മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷി മൊഴി നൽകുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കോടതിക്കുപുറത്താണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇതു ജനത്തെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരായ വികാരം ഉണ്ടാക്കാനുമാണെന്ന് ഉന്നത അധികൃതർ വ്യക്തമാക്കി.

അതേസമയം, കേസിൽ അറസ്റ്റിലായ പൊലീസുകാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മു കശ്മീർ ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണു ഹർജി ഫയൽ ചെയ്തത്. ജനുവരി 10നു കാണാതായ പെൺകുട്ടിയുടെ മൃതദേഹം 17നാണു കണ്ടെത്തിയത്. 23 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ വച്ചാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.