കുഞ്ഞുങ്ങൾക്ക് അജ്ഞാതരോഗം, ജീവിക്കാന്‍ വഴിയില്ല; ജോലിതേടി മുഖ്യമന്ത്രിക്ക് സൗമ്യയുടെ കത്ത്

കണ്ണൂർ∙ ‘എന്റെ കുടുംബത്തിനു ആവുന്ന സഹായം ചെയ്തു തരണം. എനിക്കൊരു ജോലി ലഭിക്കുകയാണെങ്കിൽ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും...’. കേരളത്തെ നടുക്കിയ പിണറായി കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ സര്‍ക്കാര്‍ ജോലിക്കായി നല്‍കിയ അപേക്ഷയാണിത്. സ്ഥലം എംഎല്‍എയും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണു ജോലി നല്‍കി സഹായിക്കണെമെന്ന് ചൂണ്ടികാട്ടി സൗമ്യ നിവേദനം നല്‍കിയത്.

ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അതുകൊണ്ടു സര്‍ക്കാര്‍ ജോലി നല്‍കി സഹായിക്കണെെമന്നാണു സൗമ്യ അപേക്ഷയില്‍ പറഞ്ഞത്. മക്കളും അമ്മയും മരിച്ചതിനുശേഷം നൽകിയ അപേക്ഷയിൽ തന്റെ രണ്ടു കുട്ടികൾക്കും അമ്മയ്ക്കും അജ്ഞാത രോഗമായിരുന്നുവെന്നും പരാമർശമുണ്ട്.

കഴിഞ്ഞ മാർച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം കഴിഞ്ഞ് മാർച്ച് പത്തിന് മുഖ്യമന്ത്രി മരണവീട്ടില്‍ എത്തിയപ്പോഴാണു സൗമ്യ നിവേദനം നല്‍കുന്നത്. അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഓൺലൈൻ റജിസ്റ്റർ ചെയ്തു. വില്ലേജ് ഓഫിസർ രണ്ടുപേർക്ക് അജ്ഞാത രോഗമാണെന്നും അമ്മ മരണപ്പെട്ടെന്നും റിപ്പോർട്ടു നൽകി. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കെയാണു ക്രൂരകൊലപാതകത്തിന്റെ സത്യം പുറത്തുവരുന്നത്.