പഞ്ചാബിന് 13 റൺസ് തോൽവി; കുറഞ്ഞ സ്കോറിലും മികവോടെ ഹൈദരാബാദ്

ഹൈദരാബാദ് താരങ്ങളുടെ വിജയാഹ്ലാദം.

ഹൈദരാബാദ്∙ നൈസാമുമാരുടെ സ്വന്തം നഗരത്തിൽ, പഞ്ചാബിനെ 13 റൺസിന് പരാജയപ്പെടുത്തി ഹൈദരാബാദ്. ബൗളർമാർ ആധിപത്യം പുലർത്തിയ മൽസരത്തിൽ 132 റൺസിന് ഒതുക്കപ്പെട്ടെങ്കിലും ഹോംഗ്രൗണ്ടിൽ സ്വന്തം കാണികളുടെ മുന്നിൽ ബൗളിങ് മികവു കാട്ടി കിങ്സ് ഇലവൻ പഞ്ചാബിൽ നിന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ജയം തട്ടിയെടുക്കുകയായിരുന്നു.

സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 132/6, പഞ്ചാബ് 19.2 ഓവറിൽ 119 റൺസിന് എല്ലാവരും പുറത്ത്.

ചെറിയ സ്കോർ പിന്തുടർന്ന പഞ്ചാബിന് അമിത ആത്മവിശ്വാസമാണ് വിനയായത്. ഒന്നാം വിക്കറ്റിൽ ക്രിസ് ഗെയിലും ലോകേഷ് രാഹുലും 55 റൺസിന്റെ മികച്ച തുടക്കം നൽകിയെങ്കിലും അവർ പുറത്തായതോടെ സഹതാരങ്ങൾ റൺസിനായി ഗൗണ്ടിൽ തപ്പുന്ന കാഴ്ചയായിരുന്നു.

പഞ്ചാബിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയുടെ ആഹ്ലാദം.

അവസാന ഓവറിൽ ഒരു വിക്കറ്റ് കയ്യിലിരിക്കെ 15 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് നിർണായക ഓവർ എറിയാനെത്തിയ മലയാളി താരം ബേസിൽ തമ്പിക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്ട്രൈക്കിങ് എൻഡിൽ നിന്ന മുജീബിന് ഒരു റൺസ് ലെഗ്ബൈ വഴങ്ങി എതിർവശത്തേക്കു വിട്ട ബേസിൽ രണ്ടാം പന്തിൽ അങ്കിത് രാജ്പുതിന്റെ വിക്കറ്റ് പിഴുതാണ് ടീമിന് വിജയമധുരം നൽകിയത്.

ഐപിഎല്ലിൽ അൻപതു റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ഏറ്റവും കുറഞ്ഞ സ്കോറിന് (119 റൺസ്) എല്ലാവരും പുറത്തായതിന്റെ മോശം റെക്കോർഡും ഇതോടെ പഞ്ചാബിനായി. 2016 ൽ ഗുജറാത്ത് ലയൺസിനെതിരെ ഒന്നാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്ത ശേഷം 154 റൺസിന് എല്ലാവരും പുറത്തായ കിങ്സ് ഇലവൻ പഞ്ചാബിന്റെ തന്നെ മോശം റെക്കോർഡാണ് തിരുത്തിയത്.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയായിരുന്നെന്ന തോന്നൽ സൃഷ്ടിച്ചാണ് താരതമ്യേന കുറഞ്ഞ സ്കോറായ 132 ൽ ഹൈദരാബാദിനെ പഞ്ചാബ് ബൗളർമാർ ഒതുക്കിയത്. അഞ്ചു വിക്കറ്റ് നേടി പഞ്ചാബ് ബൗളിങ് നിരയിൽ തിളങ്ങിയ അങ്കിത് രാജ്പുതാണ് മാൻ ഓഫ് ദ് മാച്ച് ആയതും.

ഹൈദരാബാദിനെതിരെ അങ്കിത് രാജ്പുതിന്റെ ബൗളിങ്.

അതേസമയം, നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ റാഷിദ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പിയും ഷക്കിബ് അൽ ഹസനും സന്ദീപ് ശർമയും ഹൈദരാബാദിന്റെ ജയം മികച്ച ബൗളിങ് കൂട്ടായ്മയുടേതാണെന്നു തെളിയിച്ചു. ഹൈദരാബാദിനു വേണ്ടി 51 പന്തിൽ 54 റൺസെടുത്ത മനീഷ് പാണ്ഡേ മാത്രമാണ് മികച്ച ബാറ്റിങ് പുറത്തെടുത്തത്.