തെറ്റായ പ്രചാരണത്തിൽ ദുഃഖമുണ്ട്, ക്ഷമിക്കണം: മുഖ്യമന്ത്രിയോട് ഇലിസ

ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ.

തിരുവനന്തപുരം∙ തിരുവല്ലത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചെന്ന് അവർ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ട്. അതിനു ക്ഷമ ചോദിക്കാൻ കൂടിയാണു താൻ വന്നതെന്നും ഇലിസ് പറഞ്ഞു.

ലിഗയുടെ മരണത്തിൽ സർക്കാരിനു സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. നിയമനടപടികൾ പൂർത്തിയായതിനാൽ ലിഗയുടെ മൃതദേഹം വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് മേയ് ആറിന് ഞായറാഴ്ച നിശാഗന്ധിയിൽ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അടുത്ത ആഴ്ച ഇലിസ് തിരികെ ലാത്വിയയിലേക്കു പോകും. ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടില്ലെന്നും ഇലിസ് പറഞ്ഞു. സംസ്കാരത്തിനുശേഷം ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി സൂക്ഷിക്കാനാണു തീരുമാനം.