സമരപതാക നൽകാൻ മധുവിന്റെ അമ്മയില്ല; അടഞ്ഞ വീട്ടിലെ ‘അട്ടിമറിക്കു’ പിന്നിൽ സിപിഎമ്മെന്നു ബിജെപി

മധുവിന്റെ അമ്മ മല്ലി

പാലക്കാട്∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽനിന്നു തുടങ്ങാനിരുന്ന ജീവൻ രക്ഷാ മാർച്ച് സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നു ബിജെപിയുടെ ആരോപണം. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയില്‍ നിന്നു മാർച്ചിന്റെ പതാക ഏറ്റുവാങ്ങാനായിരുന്നു ബിജെപി തീരുമാനം. എന്നാൽ രാവിലെ മല്ലിയെ തേടിയെത്തിയ ബിജെപിക്കാർ കണ്ടത് അടഞ്ഞുകിടക്കുന്ന വീട്.

സിപിഎം പ്രവർത്തകരാണു മധുവിന്റെ അമ്മയെ വീട്ടിൽ നിന്ന് മാറ്റിയതെന്നാണു ബിജെപി ആരോപണം. എന്നാൽ ആശുപത്രി ആവശ്യത്തിനായി പോയതാണു മല്ലിയെന്നാണു സൂചന. മൂന്നു ദിവസം മുന്‍പു ജാഥയെക്കുറിച്ചു മധുവിന്റെ അമ്മ മല്ലിയെ അറിയിച്ച് അനുമതി വാങ്ങിയതാണെന്നാണു ബിജെപിയുടെ അവകാശവാദം. അതേസമയം, വിഷയത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല. 

മല്ലിയുടെ അഭാവത്തിൽ സഹോദരിയായ അംബികയിൽനിന്നു പതാക ഏറ്റുവാങ്ങി ബിജെപി ജാഥ തുടങ്ങി. സംഭവത്തിനു പിന്നിൽ സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണെന്നു ബിജെപി നേതാവ് സി.കെ. പദ്മനാഭൻ ആരോപിച്ചു. ബിജെപി ജാഥയെ സിപിഎം ഭയക്കുന്നു. ബിജെപിക്കെതിരെ അവർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പദ്മനാഭൻ ആരോപിച്ചു.

നേരത്തെ എബിവിപി പരിപാടി സംഘടിപ്പിച്ചപ്പോഴും മധുവിന്റെ അമ്മ മല്ലിയെ സഹകരിപ്പിച്ചിരുന്നു. അട്ടപ്പാടിയിൽനിന്നു വരാപ്പുഴ വരെ നടക്കുന്ന മാർച്ചിനു ‘ചലോ വരാപ്പുഴ മാര്‍ച്ച്’ എന്നാണു ബിജെപി പേരിട്ടിരിക്കുന്നത്.