കേരളത്തിലേതു മികച്ച സർക്കാർ; ‘നീറ്റാ’യി സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദിപ്രവാഹം

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ സഹായിച്ചതിൽ സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് വന്ന വാട്സാപ് സന്ദേശങ്ങളിൽ ചിലത്.

തിരുവനന്തപുരം∙ തമിഴ്നാട്ടിൽനിന്നു നീറ്റ് പരീക്ഷയെഴുതുന്നതിനായി കേരളത്തിലെത്തിയവർക്കു സഹായങ്ങള്‍ ലഭ്യമാക്കിയതിനു മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹം. വാട്സാപ് സന്ദേശങ്ങളിലൂടെയും മൊബൈൽ എസ്എംഎസുകളിലൂടെയുമാണു സംസ്ഥാനത്തുനിന്നു പരീക്ഷയെഴുതിപോയ വിദ്യാർഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കു നന്ദി അറിയിക്കുന്നത്. 

മേയ് ആറിലെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എറണാകുളം ജില്ലയിലാണ് പുറത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ പരീക്ഷയെഴുതാനെത്തിയത്. ഇവിടങ്ങളിലെ ഹെൽപ് ഡെസ്കുകളിൽനിന്നു ലഭിച്ച നമ്പരുകളിലേക്കാണു മുഖ്യമന്ത്രിക്കു നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിക്കുന്നത്. 

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ സഹായിച്ചതിൽ സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് വന്ന സന്ദേശങ്ങളിൽ ചിലത്.

തമിഴ്നാട്ടിൽനിന്ന് അയ്യായിരത്തോളം വിദ്യാർഥികൾക്കു കേരളം, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണു പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നു സിപിഎം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണൻ, പിണറായിയോടു ഫോണിലൂടെ അഭ്യർഥിച്ചിരുന്നു.