2019ലും അഖിലേഷുമായി സഖ്യം; മായാവതിയുടെ ലക്ഷ്യം ആദ്യ ദലിത് പ്രധാനമന്ത്രി സ്ഥാനം?

അഖിലേഷ് യാദവ്, മായാവതി

ബെംഗളൂരു∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ അഖിലേഷ് യാദവുമായി യോജിച്ചു പ്രവർത്തിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. സീറ്റ് പങ്കിടുന്ന കാര്യത്തിലും മറ്റും ഇരുപാർട്ടികളും സംയുക്തമായി പ്രഖ്യാപനം നടത്തും. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മായാവതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതോടൊപ്പം കർണാടകയിൽ എച്ച്.ഡി. ദേവെഗൗഡയുടെ ജനതാദൾ സെക്യുലറുമായുള്ള (ജെഡിഎസ്) സഖ്യത്തിലൂടെ കോൺഗ്രസ് ഇതര, ബിജെപി ഇതര ബദലിനാണു മായാവതി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇത്തരം സഖ്യനീക്കങ്ങളിലൂടെ ഇന്ത്യയുടെ ആദ്യ ദലിത് പ്രധാനമന്ത്രിയാകാനുള്ള അവസരവും സാധ്യതയും മായാവതി തേടുന്നുണ്ടെന്നാണു വിലയിരുത്തൽ.

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഇതര, കോൺഗ്രസ് ഇതര വിഭാഗത്തിന്റെ കേന്ദ്രബിന്ദുവായാണു ജെഡിഎസ് നേതാക്കൾ മായാവതിയെ പുകഴ്ത്തുന്നത്. മേയ് 12ന് തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ജെഡിഎസിനുവേണ്ടി പ്രചാരണം നടത്തുകയാണ് അവർ. കർണാടക തിരഞ്ഞെടുപ്പ് കേന്ദ്രത്തിനു ശക്തമായ ഒരു സന്ദേശമായിരിക്കുമെന്നു മായാവതി വ്യക്തമാക്കി. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്കുമാത്രമേ രാജ്യവ്യാപകമായി എല്ലാ പാർട്ടികളെയും ഒരുമിപ്പിക്കാനാകൂയെന്നും അതിനാൽ 2019 തിരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവാണ് അവരെന്നും ബിഎസ്പി മുതിർന്ന നേതാവ് ഡാനിഷ് അലി വ്യക്തമാക്കി.

അടുത്തിടെ ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും കൈവശം വച്ചിരുന്ന ബിജെപിയുടെ സീറ്റുകളാണ് എസ്പി–ബിഎസ്പി സഖ്യം നേടിയത്. എന്നാൽ അഖിലേഷിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽക്കൂടിയും രാജ്യസഭയിലേക്കു മൽസരിച്ച ബിഎസ്പി സ്ഥാനാർഥിയുടെ പരാജയം സഖ്യത്തിൽ കയ്പു പടർത്തിയിരുന്നു. ഇതേത്തുടർന്നാണു കർണാടകയിൽ ഒറ്റയ്ക്കു മൽസരിക്കാന്‍ ഇരു പാർട്ടികളും തീരുമാനിച്ചത്.