കരുത്തുറ്റ ലോക നേതാക്കളുടെ ‘ടോപ് 10’ പട്ടികയിൽ മോദി; പുടിനെ ‘വെട്ടി’ ഷി ചിൻപിങ്

നരേന്ദ്രമോദിയുടെ കട്ടൗട്ടുമായി ബിജെപി പ്രവർത്തകർ (ഫയൽ ചിത്രം)

ന്യൂയോർക്ക്∙ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദിക്കു താഴെയാണ് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ്(13), ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്(15), ആപ്പിൾ സിഇഒ ടിം കുക്ക് (24) എന്നിവരുടെ സ്ഥാനം. ‘ഫോബ്സ്’ മാസിക ആണു പട്ടിക പുറത്തുവിട്ടത്. ഇതാദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പട്ടികയിൽ ഒന്നാമതെത്തി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വർഷമായി തുടരുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് ഷി ചിൻപിങ്ങിന്റെ സ്ഥാനക്കയറ്റം.

‘വേൾഡ്സ് മോസ്റ്റ് പവർഫുൾ പീപ്പിൾ’ വിഭാഗത്തിൽ വർഷം തോറും 75 പേരുടെ പട്ടികയാണു ഫോബ്സ് പുറത്തുവിടാറുള്ളത്. 412 കോടി ഡോളർ വരുമാനവുമായി റിലയൻസ് ഇൻഡസ്ര്ടീസ് ചെയര്‍മാൻ മുകേഷ് അംബാനി മാത്രമാണ് ഇന്ത്യയിൽനിന്നു മോദി കൂടാതെ പട്ടികയിലുള്ളൂ. 32-ാം സ്ഥാനത്താണു മുകേഷിന്റെ സ്ഥാനം. മൈക്രോസോഫ്റ്റിന്റെ ഇന്ത്യൻ വംശജനായ സിഇഒ സത്യ നാദെല്ല നാൽപതാം സ്ഥാനത്തുണ്ട്. ‘ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് മോദിക്ക് ഇന്നും വൻ ജനസമ്മതിയാണ്’– തിരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതായി ഫോബ്സ് വ്യക്തമാക്കി.

‘യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്’ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലൂടെ രാജ്യാന്തര പ്രശസ്തിയുള്ള നേതാവ് എന്ന തന്റെ പദവി മോദി ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ജനങ്ങളെയാണു ബാധിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കു വേണ്ടി രാജ്യാന്തര തലത്തിൽ കാലാവസ്ഥാ പ്രശ്നത്തിൽ ഇടപെടുന്ന നിർണായക വ്യക്തിത്വമായും മോദി മാറിയിരിക്കുന്നു.’ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനായി 2016 നവംബറിൽ നടപ്പാക്കിയ നോട്ടുനിരോധനത്തെയും ഫോബ്സ് മോദിയുടെ നേട്ടമായി എടുത്തുപറഞ്ഞു.

ഇന്ത്യൻ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്കിടയാക്കിയ റിലയൻസ് ജിയോയുടെ 4ജി വിജയമാണു മുകേഷ് അംബാനിക്കു പട്ടികയിൽ ഇടംനേടിക്കൊടുത്തത്. 16 കോടി പേരാണു ജിയോയിൽ അംഗത്വമെടുത്തിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും ‘കരുത്തനാ’യി ഒന്നാം സ്ഥാനത്തു കഴിഞ്ഞ നാലു വർഷമായി പുടിനായിരുന്നു. റഷ്യൻ പ്രസിഡന്റിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് ഇതാദ്യമായി ഷി ചിൻപിങ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ചൈനയുടെ ആജീവനാന്തകാല ഭരണാധികാരിയായി സ്വയം അവരോധിച്ചു ഭരണഘടനയിൽ ഭേദഗതി വരുത്തി പാർട്ടി കോൺഗ്രസിനെക്കൊണ്ട് അംഗീകരിപ്പിച്ചെടുത്തതിനു പിന്നാലെയാണു ഷിയുടെ നേട്ടം. മാവൊ സെദുങ്ങിനു ശേഷം ചൈനയുടെ ‘ആരാധ്യപുരുഷൻ’ എന്ന നിലയിലേക്ക് ഇതാദ്യമായാണ് ഒരാൾ ഉയർന്നുവന്നിരിക്കുന്നതെന്നും ഫോബ്സ് നിരീക്ഷിക്കുന്നു. 2000 മേയ് മുതൽ റഷ്യയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയാണു പുടിൻ. നാലാം തവണ പ്രസിഡന്റായി അദ്ദേഹം കഴിഞ്ഞ ദിവസം സ്ഥാനമേറ്റിരുന്നു. 77% വോട്ടു നേടിയാണ് ആ വിജയമെന്നും അതു ചരിത്ര നേട്ടമാണെന്നും ഫോബ്സ് വിലയിരുത്തി.

മൂന്നാം സ്ഥാനത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. ജർമൻ ചാൻസലർ അംഗല മെർക്കൽ നാലാം സ്ഥാനത്തും ആമസോൺ തലവൻ ജെഫ് ബെസോസ് അഞ്ചാം സ്ഥാനത്തുമുണ്ട്. ഫ്രാൻസിസ് മാർപാപ്പ (6), മെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് (7), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ(12), ആലിബാബ തലവൻ ജാക്ക് മാ (21), ടെസ്‌ല ചെയർമാൻ ഇലൻ മസ്ക് (25), യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് (31), ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ(36) എന്നിവരും പട്ടികയിലുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ (8), യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ(11), ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ(54) തുടങ്ങിയ 17 പുതുമുഖങ്ങളും പട്ടികയിൽ ഇടംനേടി. പട്ടികയിൽ 73–ാം സ്ഥാനത്തായുള്ളത് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തലവൻ അബുബക്കർ അൽ ബഗ്ദാദിയാണ്.