കൊൽക്കത്തയെ 102 റൺസിന് തകർത്ത് മുംബൈ; മൂന്നാം തുടർ ജയത്തോടെ നാലാമത്

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുംബൈ താരങ്ങൾ. (ട്വിറ്റർ ചിത്രം)

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് 11–ാം സീസണിൽ തുടർച്ചയായ മൂന്നാം ജയത്തോടെ മുൻ ചാംപ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസ് പ്രതീക്ഷ നിലനിർത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അവരുടെ തട്ടകത്തിൽ ചെന്നു തോൽപ്പിച്ചാണ് മുംബൈ മൂന്നാം വിജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തപ്പോൾ, കൊൽക്കത്തയുടെ മറുപടി 108 റൺസിൽ അവസാനിച്ചു. 18.1 ഓവറിലാണ് കൊൽക്കത്ത 108 റൺസിന് എല്ലാവരും പുറത്തായത്. ഇതോടെ മുംബൈയ്ക്ക് സ്വന്തമായത് 102 റൺസിന്റെ കൂറ്റൻ വിജയം.

ഈ സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറി കുറിച്ച യുവതാരം ഇഷാൻ കിഷന്റെ അതിവേഗ ബാറ്റിങ്ങാണ് മുംബൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ 108 റൺസിന് എറിഞ്ഞൊതുക്കിയാണ് മുംബൈ സീസണിലെ അഞ്ചാം ജയം പിടിച്ചെടുത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൊൽക്കത്തയെ സമ്പൂർണമായി നിഷ്പ്രഭരാക്കിയ മുംബൈ, ഈ വിജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

നിലം തൊടാതെ കൊൽക്കത്ത

മുബൈ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത കൊൽക്കത്തയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. സ്കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ സുനിൽ നരെയ്ൻ എന്ന ‘പരീക്ഷണം’ പാളി. രണ്ടു പന്തിൽ ഒരു ബൗണ്ടറി സഹിതം നാലു റൺസെടുത്ത നരെയ്നെ മക്‌ലീനാകൻ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ മുംബൈ ബോളർമാർ കൊൽക്കത്തയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 15 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റൺസെടുത്ത ക്രിസ് ലിൻ, 19 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റൺസെടുത്ത നിതീഷ് റാണ എന്നിവരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർമാർ.

റോബിൻ ഉത്തപ്പ (13 പന്തിൽ രണ്ടു സിക്സ് സഹിതം 14), ആന്ദ്രെ റസൽ (നാലു പന്തിൽ രണ്ട്), ദിനേഷ് കാർത്തിക് (മൂന്നു പന്തിൽ അഞ്ച്), റിങ്കു സിങ് (മൂന്നു പന്തിൽ അഞ്ച്), പിയുഷ് ചൗള (13 പന്തിൽ 11), കുൽദീപ് യാദവ് (15 പന്തിൽ അഞ്ച്) എന്നിവർക്കൊന്നും തിളങ്ങാനായില്ല. പ്രാസിദ് കൃഷ്ണ അഞ്ച് പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

മുംബൈയ്ക്കായി ക്രുനാൽ പാണ്ഡ്യ 3.1 ഓവറിൽ 12 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മക്‌ലീനാകൻ, ബുംമ്ര, മായങ്ക് മർക്കണ്ഡെ, ബെൻ കട്ടിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിങ് കരുത്തിൽ മുംബൈ

മൽസരത്തിൽ ടോസ് നേടിയതൊഴിച്ചാൽ മുംബൈയ്ക്കു മേൽ കൊൽക്കത്ത ആധിപത്യം പുലർത്തിയ നിമിഷങ്ങൾ തീർത്തും വിരളമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ എവിൻ ലൂയിസും സൂര്യകുമാർ യാദവും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 5.4 ഓവർ ക്രീസിൽ നിന്ന ഇരുവരും മുംബൈ സ്കോർബോർഡിൽ ചേർത്തത് 46 റൺസ്. ലൂയിസിനെയും തന്റെ രണ്ടാം ഓവറിൽ സൂര്യകുമാർ യാദവിനെയും മടക്കിയ പിയൂഷ് ചൗള കൊൽക്കത്തയ്ക്ക് സന്തോഷിക്കാൻ വക നല്‍കിയെങ്കിലും അവരുടെ സന്തോഷം അവിടെ തീർന്നു.

മൂന്നാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം ഇഷാൻ കിഷനും നിലയുറപ്പിച്ചതോടെ കൊൽക്കത്തയുടെ കൈകളിൽനിന്ന് മൽസരം വഴുതി. നിലയുറപ്പിച്ചതിനു പിന്നാലെ ഇഷാൻ കിഷൻ വമ്പൻ അടികളിലൂടെ സ്കോറുയർത്തിയതോടെ മറുവശത്ത് കാഴ്ചക്കാരന്റെ റോൾ മാത്രമായി രോഹിതിന്. തകർത്തടിച്ച ഇഷാൻ കിഷൻ, കുൽദീപ് യാദവിന്റെ ഒരു ഓവറിൽ തുടർച്ചയായി നാലു സിക്സ് നേടിയാണ് അർധസെഞ്ചുറിയിലേക്കെത്തിയത്.

മൂന്നാം വിക്കറ്റിൽ 34 പന്തുകൾ മാത്രം ക്രീസിൽ നിന്ന ഈ സഖ്യം, മുംബൈ സ്കോർബോർഡിൽ ചേർത്തത് 82 റൺസാണ്. ഇതിൽ 62 റൺസും ഇഷാൻ കിഷന്റെ വകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നേരിട്ട കിഷൻ, അഞ്ചു ബൗണ്ടറിയും ആറു സിക്സും സഹിതം 62 റൺസെടുത്താണ് പുറത്തായത്. സുനിൽ നരെയ്നെ സിക്സ് പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം റോബിൻ ഉത്തപ്പയ്ക്കു ക്യാച്ച് സമ്മാനിച്ചായിരുന്നു കിഷന്റെ മടക്കം.

ഇഷാനു കിഷനു ശേഷമെത്തിയവർ റൺ നിരക്കുയർത്തുന്നതിൽ ശ്രദ്ധ കേന്ദീകരിച്ചതോടെ മുംബൈ സ്കോർ അനായാസം 200 കടന്നു. രോഹിത് ശർമ 31 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസെടുത്തു പുറത്തായി. ഹാർദിക് പാണ്ഡ്യ 13 പന്തിൽ രണ്ട് സിക്സ് സഹിതം 19 റൺസെടുത്തു പുറത്തായെങ്കിലും ബെൻ കട്ടിങ് (ഒൻപതു പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 24), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒരു സിക്സ് സഹിതം എട്ട്) എന്നിവർ മുംബൈ സ്കോർ 200 കടത്തി.

കൊൽക്കത്തയ്ക്കായി പിയുഷ് ചൗള നാല് ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കൊൽക്കത്ത നിരയിൽ എല്ലാവരും കനത്ത അടികളേറ്റു വാങ്ങിയപ്പോൾ നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്ന്റെ പ്രകടനം ശ്രദ്ധേയമായി.