സിറിയയെ ലക്ഷ്യമാക്കി ഇസ്രയേൽ മിസൈലുകൾ; നീക്കം പരാജയപ്പെടുത്തിയതായി സൈന്യം

ദമാസ്കസ്∙ സിറിയയിലേക്ക് ഇസ്രയേൽ തൊടുത്ത രണ്ടു മിസൈലുകൾ സൈന്യം ഇടപെട്ടു തകർത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ 'സന' ന്യൂസ് റിപ്പോർട്ട് ചെയ്തു. സിറിയയിലെ കിസ്‍വ ജില്ലയ്ക്കെതിരെ എത്തിയ മിസൈലുകളാണു പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് സിറിയൻ സൈന്യം പരാജയപ്പെടുത്തിയത്. സിറിയയിലെ ഒരു ആയുധ ഡിപ്പോയെ ലക്ഷ്യമാക്കിയാണ് മിസൈലെത്തിയതെന്ന് ബ്രിട്ടനിൽ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ റാമി അബ്ദൽ റഹ്മാൻ പറഞ്ഞു. സംഭവത്തിൽ മരണങ്ങൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാർ അനുകൂല സൈന്യത്തിലെ ഒൻപതു പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സിറിയയിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമെന്നു ഇസ്രയേൽ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഏഴു വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഇറാൻ സൈനികരും സിറിയൻ സർക്കാരിനു വേണ്ടി രാജ്യത്തുണ്ട്. കി‍സ്‍വയ്ക്കു സമീപം സിറിയൻ സൈന്യത്തിന്റെ സ്ഥലത്ത് ഇറാൻ സൈന്യത്തിനും പ്രത്യേകം താവളമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു ലക്ഷ്യമാക്കിയാണ് അക്രമമുണ്ടായതെന്നാണു വിലയിരുത്തൽ. 

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 2015ൽ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത കരാറിൽ (ജോയിന്റ് കോംപ്രഹെൻസിവ് പ്ലാൻ ഓഫ് ആക്‌ഷൻ(ജെസിപിഒഎ) നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്. ഇസ്രയേൽ മാത്രമാണ് ഇക്കാര്യത്തിൽ കരാറിൽ നിന്നുള്ള പിന്മാറ്റത്തിനു നിലവില്‍ ട്രംപിനു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.