മലപ്പുറത്ത് 70 മീറ്റർ നീളത്തിൽ ഭൂമിയിൽ വിള്ളൽ: പഠിക്കാൻ വിദഗ്ധരെത്തുന്നു

മലപ്പുറത്ത് ഭൂമിയിൽ കണ്ടെത്തിയ വിള്ളൽ

മലപ്പുറം∙ കോട്ടയ്ക്കൽ പെരുമണ്ണ ക്ലാരിയിൽ 70 മീറ്റർ നീളത്തിൽ ഭൂമി വിണ്ടതിനെക്കുറിച്ചു പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര കേന്ദ്രം (എൻസിഇഎസ്എസ്) വിദഗ്ധരെത്തുന്നു. എൻസിഇഎസ്എസിന്റെ സഹായം തേടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്ഡിഎംഎ) നൽകിയ കത്തിൽ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകും. മലപ്പുറം കലക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിഎംഎ, എൻസിഇഎസ്എസിന്റെ സഹായം തേടിയത്. 70 മീറ്ററും കടന്ന് ഭൂമി വിണ്ടുകൊണ്ടിരിക്കുകയാണ്.

പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയിലാണു രണ്ടു പുരയിടങ്ങളിലായി 70 മീറ്ററോളം നീളത്തിൽ, അരയടി മുതൽ രണ്ടടി വരെ വീതിയിൽ ഭൂമി വിണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിള്ളലിൽവീണ ആടിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. രാത്രി വൈകിയും ആടിന്റെ കരച്ചിൽ കേട്ടിരുന്നതായി പറയുന്നു. വിള്ളലിന്റെ ആഴമളക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരു വശത്തോട് ചേർന്ന് റോഡാണ്. സമീപത്ത് വീടുകളുണ്ട്.

നാലുവർഷം മുൻപ് പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീടിനോടു ചേർന്നുള്ള പറമ്പിൽ കണ്ട വിള്ളലാണു വലുതായി വന്നത്. വൈകാതെ വീട് തകർന്നുതുടങ്ങി. റവന്യു അധികൃതരെ അറിയിച്ചപ്പോൾ കാര്യമായി എടുത്തില്ലെന്ന് ആക്ഷേമുയർന്നിട്ടുണ്ട്. വീടുപൊളിച്ചുനീക്കാനായിരുന്നു നിർദേശം. തുടർന്നു സൈനുദ്ദീനും കുടുംബവും വീട് പൊളിച്ചുമാറ്റി മറ്റൊരിടത്തേക്കു താമസം മാറി. ‌‌

നോക്കിനിൽക്കെ വിള്ളൽ വലുതാവുകയാണെന്നു പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ സമീപവാസിയായ പൊട്ടംചോല റഹീമിന്റെ വീടും തകർന്നുതുടങ്ങി. ഇവരെ മാറ്റിത്താമസിപ്പിക്കാൻ കലക്ടർ അമിത് മീണ ഇന്നലെ നിർദേശം നൽകി. ജില്ലാദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു.