‍‍ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലേക്ക് എഎപി മാർച്ച്; ‘ശീതസമരം’ കനക്കുന്നു

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി നേതാക്കൾ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലേക്കു നടത്തിയ മാർച്ച്. ചിത്രം: ട്വിറ്റർ.

ന്യൂഡൽഹി∙ ഡൽഹിയിൽ ഭരണകക്ഷിയായ എഎപിയും ലഫ്റ്റനന്റ് ഗവർണറും (എൽജി) തമ്മിലുള്ള ശീതസമരം കൊടുമ്പിരി കൊള്ളുന്നു. ഡൽഹി സർക്കാരിന്റെ പദ്ധതികൾക്ക് ബിജെപിയുടെ സമ്മർദം മൂലം എൽജി അനിൽ ബൈജാൽ അനുമതി നൽകുന്നില്ലെന്നതാണ് എഎപിയെ ചൊടിപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും എഎപി എംഎൽഎമാരും ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലേക്കു മാർച്ച് നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയിരിക്കുന്ന സിവിൽ ലൈൻസ് മേഖലയിൽനിന്നു കനത്ത പൊലീസ് സുരക്ഷയിൽ മൂന്നു മണിയോടെയാണു മാർച്ച് ആരംഭിച്ചത്. മാർച്ചിൽ കേജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പിഡബ്ല്യുഡി മന്ത്രി സത്യേന്ദ്ര ജയ്നും പങ്കെടുത്തു. രണ്ടു കിലോമീറ്റർ ദൂരെയുള്ള എൽജിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ അനിൽ ബൈജാലിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ മുദ്രാവാക്യം വിളിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി നേതാക്കൾ ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലേക്കു നടത്തിയ മാർച്ച്. ചിത്രം: ട്വിറ്റർ.

പ്രതിഷേധ മാർച്ചിനു മുന്നോടിയായി എംഎൽഎമാരെ അഭിസംബോധന ചെയ്ത് കേജ്‌രിവാൾ നടത്തിയ പ്രസംഗത്തിലും ബിജെപിയെ കടന്നാക്രമിച്ചു. തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ എഎപി പറഞ്ഞിരുന്ന 10 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് ബിജെപി തടയുന്നുവെന്നാണ് സർക്കാരിന്റെ ആരോപണം. സ്ത്രീകളുടെ സുരക്ഷയ്ക്കായി നഗരത്തിൽ 10 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നായിരുന്നു എഎപി വാഗ്ദാനം ചെയ്തത്.