വി.എസ്.സുനിൽകുമാറും കമല സദാനന്ദനും സിപിഐ എക്സിക്യൂട്ടീവിൽനിന്നു പുറത്ത്

തിരുവനന്തപുരം ∙ സിപിഐ എക്സിക്യൂട്ടീവിൽനിന്നു മന്ത്രി വി.എസ്.സുനിൽകുമാർ, കമല സദാനന്ദൻ, വി.വി.ബിനു, പി.കെ.കൃഷ്ണൻ എന്നിവർ പുറത്ത്. ഒഴിവാക്കപ്പെട്ടവരെല്ലാം കെ.ഇ.ഇസ്മായിൽ പക്ഷക്കാരാണ്. പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രൻ, പി.പി.സുനീർ എന്നിവരെയാണ് പുതുമുഖങ്ങളായി ഉൾപ്പെടുത്തിയത്. ഇവരെല്ലാം കാനം രാജേന്ദ്രൻ പക്ഷക്കാരാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ. പ്രകാശ്ബാബുവും സത്യൻ മൊകേരിയും തുടരും. പ്രകാശ്ബാബു മൂന്നാം തവണയും മൊകേരി രണ്ടാം തവണയുമാണ് അസി.സെക്രട്ടറിമാരാകുന്നത്. കെ.ആർ.ചന്ദ്രമോഹനനാണു ട്രഷറർ. സി.പി. മുരളിയാണു കൺട്രോൾ കമ്മിഷൻ ചെയർമാൻ. ജെ. ഉദയഭാനു സെക്രട്ടറി. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സി.ദിവാകരൻ എംഎൽഎയെയും സി.എൻ.ചന്ദ്രനെയും എക്സിക്യൂട്ടീവിൽ നിലനിർത്തി.

കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തിരഞ്ഞെടുത്ത 21 അംഗ എക്സിക്യൂട്ടിവിലെ മറ്റ് അംഗങ്ങൾ: കാനം രാജേന്ദ്രൻ, കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, മന്ത്രി ഇ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ, സി.എൻ. ജയദേവൻ എംപി, ജെ. ചിഞ്ചുറാണി, എൻ.രാജൻ, സി.എ. കുര്യൻ, ടി. പുരുഷോത്തമൻ, വി. ചാമുണ്ണി, കെ. രാജൻ എംഎൽഎ, കെ.ആർ. ചന്ദ്രമോഹനൻ, മുല്ലക്കര രത്നാകരൻ എംഎൽഎ, പി. പ്രസാദ്. കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിൽ സി.പി.മുരളിയും എക്സിക്യുട്ടീവിൽ അംഗമാകും.

ഇ.സി.ജി. സുദർശൻ, സുഭദ്രാമ്മ തങ്കച്ചി, സി.ആർ. രാമചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.