കുല്‍ദീപിന് നാല് വിക്കറ്റ്; രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റ് ജയം

കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക്കിന്റെ ബാറ്റിങ്.ചിത്രം: ഐപിഎൽ ട്വിറ്റർ

കൊൽക്കത്ത∙ ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു. ജയത്തോടെ പ്ലേ ഓഫിലേക്കുള്ള കൊൽക്കത്തയുടെ വഴി കൂടുതൽ എളുപ്പമായി. 

ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെയും ഓപ്പണർ ക്രിസ് ലിന്നിന്റെയും പ്രകടനമാണ് കൊൽക്കത്തയ്ക്കു തുണയായത്. 42 പന്തിൽ നിന്ന് ലിൻ 45 റൺസെടുത്തു പുറത്തായി. 31 പന്തുകളിൽ നിന്ന് 41 റൺസുമായി ദിനേഷ് കാര്‍ത്തിക് കൊൽക്കത്തയെ വിജയത്തിലേക്കു നയിച്ചു. സുനിൽ നരേയ്ൻ ( ഏഴ് പന്തിൽ 21), നിതീഷ് റാണ (17 പന്തിൽ 21 ) എന്നിവരാണ് കൊൽക്കത്തയുടെ ഉയര്‍ന്ന സ്കോർ നേടിയ മറ്റു ബാറ്റ്സ്മാൻമാർ. രാജസ്ഥാനു വേണ്ടി ബെൻ സ്റ്റോക്സ് മൂന്നു വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ 142 റൺസെടുത്തു പുറത്തായിരുന്നു. 22 പന്തില്‍ 39 റൺസെടുത്ത ജോസ് ബട്‍ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. രാഹുൽ ത്രിപതി (15 പന്തിൽ 27), ജയ്ദേവ് ഉനദ്ഘട്ട് (18 പന്തിൽ 26) എന്നിവരൊഴികെ മറ്റാർക്കും രാജസ്ഥാൻ നിരയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. നാലോവറില്‍ 20 റൺസ് മാത്രം വഴങ്ങി കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി. ആന്ദ്രെ റസൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റു വീതവും ശിവം മാവി, സുനിൽ നാരായൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.