അന്ന് പറഞ്ഞു 17ന് സത്യപ്രതിജ്ഞ; വാക്കുപാലിച്ച് യെഡിയൂരപ്പ

ബി.എസ്.യെഡിയൂരപ്പ അനന്ത്കുമാറിനും ഈശ്വരപ്പയ്ക്കുമൊപ്പം

ബെംഗളൂരു∙ തിരഞ്ഞെടുപ്പു നടന്ന ശനിയാഴ്ച ബി.എസ്. യെഡിയൂരപ്പ പറഞ്ഞു ‘താൻ മുഖ്യമന്ത്രിയാകും, 17ന് സത്യപ്രതിജ്ഞ’. അമിതആത്മവിശ്വാസമെന്നു വിലയിരുത്തപ്പെട്ടെങ്കിലും അത് അങ്ങനെ തന്നെ സംഭവിച്ചു. രണ്ടു രാത്രിയും ഒരു പകലും നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കു താൽക്കാലിക ‘അന്ത്യം’ വരുത്തി ബിജെപി സർക്കാർ അധികാരത്തിലേറി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമെന്ന ‘വലിയൊരു’ കാലാവധി ലഭിച്ചാണു സർക്കാർ അധികാരമേറ്റത്. ഇതു കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നതും ഉറപ്പാണ്.

ഗുജറാത്തിലെ ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്ന ഗവർണർ വാജുഭായ് വാലയുടെ തീരുമാനം നിർണായകമാകുമെന്നു നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ഗോവയിലും മണിപ്പൂരിലും സംഭവിച്ചതുപോലെ ഭൂരിപക്ഷം തെളിയിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നു കോൺഗ്രസ് കരുതി. ഫലം പുറത്തുവന്നതിനു പിന്നാലെ യെഡിയൂരപ്പ ഗവർണറെ സന്ദർശിച്ചതു മൂന്നു തവണയാണ്. കോൺഗ്രസ് – ജെഡിഎസ് അംഗങ്ങൾ സന്ദർശനാനുമതിക്കായി കാത്തുനിൽക്കുമ്പോഴായിരുന്നു ഇതെന്നതായിരുന്നു ശ്രദ്ധേയം.

കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാനപോരാട്ടത്തിൽ എങ്ങനെയെങ്കിലും അധികാരം പിടിക്കാനാണ് ഇരുപാർട്ടികളുടെയും ശ്രമം. എങ്ങനെയെങ്കിലും അധികാരം പിടിക്കുമെന്നു ബിജെപി നേതാക്കൾ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. എംഎൽഎമാരെ റിസോർട്ടിലെത്തിച്ചു കോൺഗ്രസും ജെഡിഎസും ചാക്കിടൽ നീക്കത്തിനു തടയിടാനുള്ള ശ്രമത്തിലുമാണ്.