നീക്കം പാളി; യെഡിയൂരപ്പ ബെംഗളൂരുവിലേക്ക് മടങ്ങി

B-S-Yeddyurappa-2
SHARE

ബെംഗളൂരു ∙ എംഎൽഎമാരെ വശത്താക്കി കർണാടകയിലെ കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഹരിയാന റിസോർട്ടിൽ നിന്നു ബിജെപി കർണാടക അധ്യക്ഷൻ യെഡിയൂരപ്പ ബെംഗളൂരുവിലേക്കു മടങ്ങി. അവിടെ പാർപ്പിച്ചിട്ടുള്ള മറ്റു ബിജെപി എംഎൽഎമാരും ഇന്നും നാളെയുമായി തിരിച്ചെത്തും.

മുംബൈയിലെ റിനൈസൻസ് ഹോട്ടലിൽ തങ്ങുന്ന 5 കോൺഗ്രസ് വിമതർക്കു നേതൃത്വം നൽകുന്ന രമേഷ് ജാർക്കിഹോളിയെ മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ടു വിളിച്ചു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്നാണു വിവരം. ജാർക്കിഹോളിക്കൊപ്പമുള്ള ശ്രീമന്ത് പാട്ടിൽ, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ് തുടങ്ങിയവർ ഇന്നു പുലർച്ചെ ബെംഗളൂരുവിൽ മടങ്ങിയെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. മറ്റൊരു വിമതൻ ഭീമ നായക് ഇന്നലെയെത്തി. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സ്വതന്ത്ര എംഎൽഎ നാഗേഷിനു ബോർഡ് ചെയർമാൻ സ്ഥാനം നൽകും.

വിമതരെ അനുനയിപ്പിക്കാൻ 5 കോൺഗ്രസ് മന്ത്രിമാർ സ്ഥാനത്യാഗത്തിനും തയാറായതായി ഡി.കെ സുരേഷ് എംപി പറഞ്ഞു. മുതിർന്ന നേതാക്കളായ ഡി.കെ ശിവകുമാർ, കെ.ജെ ജോർജ്, പ്രിയങ്ക് ഖർഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ എന്നിവരാണു രാജിക്ക് ഒരുങ്ങിയതെങ്കിലും ഇവരെ ഒഴിവാക്കാൻ ഇടയില്ല. ജയമാല, പുട്ടരംഗ ഷെട്ടി, യു.ടി ഖാദർ, ആർ.വി ദേശ്പാണ്ഡെ തുടങ്ങിയവരെ ഒഴിവാക്കാനാകും കൂടുതൽ സാധ്യത. നാളെ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകും.

എംഎൽഎയ്ക്ക്  വില 60 കോടി

∙ കോൺഗ്രസിലെയും ദളിലെയും എംഎൽഎമാരെ വലയിലാക്കാൻ 60 കോടി രൂപ വീതമാണു ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് സൂചന. എംഎൽഎമാർ തങ്ങിയതായി പറയപ്പെടുന്ന മുംബൈയിലെ പവയ് റിനയൻസസ് നക്ഷത്ര ഹോട്ടലിനു മുന്നിൽ ഇന്നലെയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മാധ്യമസംഘം തമ്പടിച്ചു. ഇന്നലെ രാവിലെ മുതൽ മാധ്യമപ്രവർത്തകർക്ക് പ്രവേശാനുമതി നിഷേധിച്ചു. പൊലീസുകാരുടെ സംഘവും കവാടത്തിലുണ്ടായിരുന്നു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA