അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലം കാണുമോ?; മുൾമുനയിൽ കർണാടക

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ബെംഗളൂരു∙ കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ഫലം യെഡിയൂരപ്പയ്ക്കു മാത്രമല്ല ബിജെപിക്കും നിർണായകം. യെഡിയൂരപ്പയ്ക്കു പിഴച്ചാൽ തന്ത്രങ്ങളുടെ തമ്പുരാനായി വിലയിരുത്തപ്പെടുന്ന അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതു വലിയ തിരിച്ചടിയാകും. അധികാരത്തിനുവേണ്ടി ഏതറ്റം വരെയും പോകുമെന്ന ചീത്തപ്പേരും അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കും. മറിച്ചു വിജയം വരിച്ചാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഒന്നുമില്ലായ്മയില്‍ നിന്നു ഭരണത്തിലേറുന്ന അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാകും.

കേവലഭൂരിപക്ഷമില്ലാതെയാണു മൂന്നുവട്ടവും യെഡിയൂരപ്പ കന്നഡമണ്ണില്‍ ബിജെപിയെ അധികാരത്തിലേറ്റിയത്. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസും ജെഡിഎസും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. കുമാരസ്വാമിക്കു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സഖ്യസര്‍ക്കാരിനെ യെഡിയൂരപ്പ താഴെയിറക്കി. അവഗണനയുടെ മുറിവേറ്റാണ് യെഡിയൂരപ്പ 2008ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതും ഏറ്റവും വലിയ ഒറ്റകക്ഷിയായതും. ഇതെല്ലാം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും യെഡിയൂരപ്പ മാത്രമായിരുന്നു.

എന്നാല്‍ ഇന്നു കണക്കൂകൂട്ടലുകളുമായി അമിത് ഷായും മോദിയും യെഡിയൂരപ്പയ്ക്കു പിന്തുണയുമായുണ്ട്. അതുകൊണ്ടുതന്നെ ഫലം എന്തായാലും കൂടുതല്‍ ബാധിക്കുന്നത് മോദി – അമിത് ഷാ അച്ചുതണ്ടിനെയാണ്. കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവുമെല്ലാം ബിജെപിയെ ദേശീയതലത്തില്‍ നാണം കെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയമല്ലാതെ മറ്റൊന്നും അമിത്ഷാ പ്രതീക്ഷിക്കുന്നില്ല.

മറിച്ചായാല്‍ കര്‍ണാടകയിലൂടെ കേരളത്തിലും തെലുങ്കാനയിലും തമിഴ്നാട്ടിലും നിര്‍ണായ സ്വാധീനമുണ്ടാക്കാനുള്ള ഷായുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. വിശാലപ്രതിപക്ഷനിര 2019ല്‍ ശക്തിപ്പെട്ടാല്‍ ഉത്തരേന്ത്യയില്‍ നഷ്ടമാകുന്ന സീറ്റുകള്‍ക്കു പകരം ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാമെന്ന മോദിയുടെ കണക്കുകൂട്ടലുകളും പിഴയ്ക്കും. വിജയത്തിനായി ഏതറ്റം വരെയും പോകണമെന്നാണു സംസ്ഥാന നേതൃത്വത്തിനുള്ള അമിത്ഷായുടെ നിര്‍ദേശം.