കെപിഎൽ: ഗോകുലത്തിനോട് 3–1ന് തോറ്റ് എഫ്സി കേരള പുറത്ത്

തൃശൂർ ∙ നിർണായക മൽസരത്തിൽ ഗോകുലം എഫ്സിയോടു തോറ്റ് കേരള പ്രീമിയർ ലീഗിൽനിന്ന് എഫ്സി കേരള പുറത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു ഗോകുലത്തിന്റെ ജയം. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ ഗോകുലത്തിനായി മുന്നേറ്റ താരം ഉസ്മാൻ ആഷിക്ക് രണ്ടു ഗോളുകളും (38, 87) ശുബെർട്ട് ജോനസ് പെരേര (46) ഒരു ഗോളും നേടി.

ഇരുപാതിയിലുമായി ഒരു ഡസനിലേറെ അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ മടക്കാൻ എഫ്സി കേരളയ്ക്കായില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ രാജുവാണ് (61) ആശ്വാസ ഗോൾ നേടിയത്. ഏഴു മൽസരങ്ങളിൽ നിന്നായി 18 പോയിന്റോടെ ഗോകുലം എഫ്സിയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലു മൽസരങ്ങളിൽനിന്ന് അഞ്ചു പോയിന്റു മാത്രമുള്ള എഫ്സി കേരളയ്ക്കു ശേഷിക്കുന്ന മൂന്നു മൽസരങ്ങൾ ജയിച്ചാലും നോക്കൗട്ട് റൗണ്ടിലേക്കെത്താനാവില്ല. തൃശൂരിൽ 23ന് സെൻട്രൽ എക്സൈസ് കൊച്ചിയുമായാണ് എഫ്സി കേരളയുടെ അടുത്ത മൽസരം.