പെൺകുട്ടിയെ ലിഫ്റ്റിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: എഎസ്ഐ കീഴടങ്ങി

Representational image

കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കോട്ടയം തലയോലപ്പറമ്പ് എഎസ്ഐ വി.എച്ച്. നാസർ എറണാകുളം എസിപി കെ. ലാൽജിയുടെ മുൻപാകെ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണു കീഴടങ്ങൽ. കഴിഞ്ഞമാസം 28നു രാവിലെയാണു കേസിനാസ്പദമായ സംഭവം.

നഗരത്തിലെ ഒരു സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റിൽ വച്ചു നാസർ കെട്ടിപ്പിടിക്കുകയും വായും കഴുത്തും അമർത്തിപ്പിടിച്ച്, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു വൈക്കം സ്വദേശിയായ പെൺകുട്ടിയുടെ പരാതി. നാസറിന്റെ മകനും ഇതേ കേന്ദ്രത്തിൽ വിദ്യാർഥിയാണ്. പരിശീലന കേന്ദ്രത്തിൽ ക്ലാസിനെത്തിയപ്പോഴാണു സംഭവമുണ്ടായതെന്നു പരാതിയിലുണ്ട്. ഇതിനു ശേഷം പെൺകുട്ടി തുടർച്ചയായി ക്ലാസിനു പോകാതായതിനെ തുടർന്നു ചോദിച്ചപ്പോഴാണു സംഭവത്തെ പറ്റി അറിഞ്ഞതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ മൊഴി നൽകി.

എറണാകുളം സെൻട്രൽ സിഐ എ. അനന്തലാലാണു കേസ് അന്വേഷിക്കുന്നത്.