കാസർകോട് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകം; രോഗബാധിതർ 65

കാസർകോട്∙  ഈ വർഷം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ ഔദ്യോഗിക കണക്ക് അറുപത്തഞ്ചിലെത്തി. ഡെങ്കിയെന്ന സംശയമുള്ള പനിബാധിതരുടെ എണ്ണം 361 ആണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മാത്രം 28 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

കാസർകോട് ജനറൽ ആശുപത്രിയിൽ ഈയാഴ്ച 10 പേർ ഡെങ്കി ബാധിച്ചെത്തി. ഏഴുപേർ ചികിത്സയിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മംഗൽപാടി ബേക്കൂറിലെ സുഹ്റ (45)  മരിച്ചതു ഡെങ്കിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണു സുഹ്റ മരിച്ചത്.

ഇതോടെ ജില്ലയിൽ ഡെങ്കി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. കാസർകോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലായിരുന്നു ഡെങ്കി ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ ബദിയടുക്ക, മംഗൽപാടി, കാസർകോട് ടൗൺ തുടങ്ങിയ സ്ഥലങ്ങളിലേക്കു പനി ബാധിക്കുന്നെന്നു സംശയമുണ്ട്.