Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽമഴ: ഈ മാസം ഡെങ്കിപ്പനി കണ്ടെത്തിയത് 31 പേരിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്തു വേനൽമഴയെത്തുടർന്ന് ഈ മാസം ഡെങ്കിപ്പനി കണ്ടെത്തിയതു 31 പേരിൽ. രോഗബാധയുണ്ടെന്നു സംശയിച്ചു 190 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. 21 പേർക്ക് എലിപ്പനി ബാധിച്ചുവെന്നു സംശയിച്ചെങ്കിലും പരിശോധനയിൽ 19 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിനകം പനിബാധിച്ചു 45,465 പേരാണു സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത്. വടക്കൻജില്ലകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നു ഡപ്യൂട്ടി ഡയറക്ടർ ഡോ. വി.മീനാക്ഷി അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഡെങ്കിപ്പനിയുടെ പ്രതിരോധമരുന്നു വിതരണംപോലും അവതാളത്തിലായെന്നു നാട്ടുകാർ ആരോപിച്ചു. കൊട്ടിയൂരിലെ ചപ്പമല, നെല്ലിയോടി, കണ്ടപ്പുനം, അമ്പായത്തോട് മേഖലകളിൽ അൻപതോളം പേരിലാണു ഡെങ്കിപ്പനി കണ്ടെത്തിയത്. കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ ഉൾപ്രദേശങ്ങളിലും പനി വ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികളിലാണു ബഹുഭൂരിപക്ഷം പേരും ചികിൽസ തേടിയിട്ടുള്ളത് എന്നതിനാൽ ആരോഗ്യവകുപ്പിനു കണക്കു ലഭ്യമായിട്ടില്ല. കോഴിക്കോടു ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കുറവാണ്.

മലപ്പുറത്ത് ഈ വർഷം ഇതുവരെ 29 പേർക്കു ഡെങ്കിപ്പനിയും 40 പേർക്കു മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. 49 പേർക്കു ഡെങ്കിയും 355 പേർക്കു മഞ്ഞപ്പിത്തവും സംശയിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഡെങ്കിപ്പനി കുറവാണ്. കഴിഞ്ഞമാസം രണ്ടുപേർക്കു രോഗം സ്ഥിരീകരിച്ചു. 29 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. തൃശൂർ ജില്ലയിൽ ഇന്നലെ രണ്ടുപേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 187 ആയി. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തു പായിപ്രയിൽ അഞ്ചുപേർക്ക് ഇന്നലെ ഹെപ്പറ്റൈറ്റിസ് ബി റിപ്പോർട്ട് ചെയ്തു.