വരൂ, ഈ അണക്കെട്ടുകളിലെ വെള്ളം കാണൂ: രജനീകാന്തിനോട് കുമാരസ്വാമി

എച്ച്.ഡി.കുമാരസ്വാമി, രജനീകാന്ത്.

ബെംഗളൂരു∙ കർണാടകയിലെ പുതിയ സർക്കാർ കാവേരി നദീജല തർക്കത്തിൽ പരിഹാരമുണ്ടാക്കണമെന്ന നടൻ രജനീകാന്തിന്റെ ആവശ്യത്തിനോടു പ്രതികരിച്ചു നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രജനിയെ കർണാടകത്തിലെ അണക്കെട്ടുകൾ കാണാൻ ക്ഷണിച്ചാണു കുമാരസ്വാമിയുടെ ‘നയതന്ത്രം’. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ നിലപാടു തന്നെയാണു കാവേരി വിഷയത്തിൽ തനിക്കെന്നാണു കുമാരസ്വാമി ഇതിലൂടെ വ്യക്തമാക്കുന്നത്.

‘കർണാടകയിൽ ആവശ്യത്തിനു വെള്ളമുണ്ടെങ്കിൽ മാത്രമേ തമിഴ്നാടിന് കൊടുക്കാനാവൂ. രജനീകാന്തിനെ ഇവിടേക്കു ക്ഷണിക്കുകയാണ്. അണക്കെട്ടുകളിലെ അവസ്ഥ അദ്ദേഹം നേരിട്ടു പരിശോധിക്കട്ടെ. കർണാടകയിലെ കർഷകരുടെ നിലപാട് അറിയട്ടെ. എന്നിട്ടും വെള്ളം വേണമെന്നു തന്നെയാണു നിലപാടെങ്കിൽ നമുക്കു ചർച്ച ചെയ്യാം’– കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു.

കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്നു പറഞ്ഞ രജനീകാന്ത്, സർക്കാർ രൂപീകരിക്കാൻ ബിജെപി കൂടുതൽ സമയം ആവശ്യപ്പെട്ടതും ഗവർണർ 15 ദിവസം നൽകിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു. തമിഴ്നാടിന് ഉടൻ കാവേരീജലം വിട്ടുകൊടുക്കണമെന്നും അതിനു തയാറായില്ലെങ്കിൽ ഭവിഷ്യത്തുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നും കാവേരിയായിരുന്നു.