കാത്തിരിക്കുന്നത് വെല്ലുവിളികളുടെ ദിനങ്ങൾ: തുറന്നുപറഞ്ഞ് കുമാരസ്വാമി

ബെംഗളൂരു∙ കോൺഗ്രസ്–ജെഡിഎസ് സഖ്യകക്ഷി സർക്കാരിനെ നയിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്ന് തുറന്നു സമ്മതിച്ച് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. സത്യപ്രതിജ്ഞ ഒരു ദിവസം അകലെ നിൽക്കെയാണ് അടുത്ത അഞ്ചു വർഷത്തേക്ക് തന്നെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണെന്ന് അദ്ദേഹം ഏറ്റുപറഞ്ഞത്.

എന്റെ ജീവിതത്തിലെ വലിയൊരു വെല്ലുവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തങ്ങൾ അനായാസം നിറവേറ്റാനാകുമെന്ന പ്രതീക്ഷ എനിക്കില്ല – കുമാരസ്വാമി പറഞ്ഞു. ദൈവാനുഗ്രഹത്താൽ എല്ലാം നന്നായി ഭവിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കുമാരസ്വാമി ശൃംഗേരിയിൽ പറഞ്ഞു.

സഖ്യകക്ഷി സർക്കാർ അനായാസം മുന്നോട്ടു പോകുമോ എന്ന കാര്യത്തിൽ എനിക്കു മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങള്‍ക്കും സംശയങ്ങളുണ്ട്. എന്നാൽ, ശാരദാംബയുടെയും ശൃംഗേരി ജഗദ്ഗുരുവിന്റെയും അനുഗ്രഹത്താൽ എല്ലാം നല്ല രീതിയിൽ ഭവിക്കുമെന്നാണ് എന്റെ വിശ്വാസം – കുമാരസ്വാമി വ്യക്തമാക്കി.