കർണാടകയിൽ വീണ്ടും കുമാരസ്വാമി; വിജയിക്കുമോ ഈ അപ്രതീക്ഷിത സഖ്യം?

എച്ച്.ഡി.കുമാരസ്വാമി

കർണാടകയിൽ വീണ്ടുമൊരു സഖ്യഭരണം. പന്തീരാണ്ടിനു ശേഷം എച്ച്.ഡി. ദേവെഗൗഡയെന്ന രാഷ്ട്രീയ ചാണക്യന്റെ മകൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിപദത്തിലേക്ക്. 2006ൽ ബിജെപിയുമായി ചേർന്നു മന്ത്രിസഭയുണ്ടാക്കിയ കുമാരസ്വാമി ഇപ്പോൾ മുഖ്യമന്ത്രിപദമേറുന്നതു കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ്. 

കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കായി ഒരുങ്ങിയ ബെംഗളൂരു വിധാന്‍സൗധയുടെ രാത്രി ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ഈ സഖ്യസർക്കാർ എത്രത്തോളം മുന്നോട്ടുപോകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2004ൽ കോണ്‍ഗ്രസും ദളും ചേർന്നു മന്ത്രിസഭയുണ്ടാക്കിയപ്പോൾ  കാളയെയും പോത്തിനെയും ഒരേ നുകത്തിൽ കെട്ടിയതുപോലെ എന്നാണ് എല്ലാവരും പരിഹസിച്ചത്. അത്ര ബദ്ധശത്രുക്കളാണു രണ്ടു പക്ഷവും. തെക്കൻ കർണാടക ജില്ലയിൽ ബിജെപി നാമമാത്രമായ സ്ഥലങ്ങളിൽ പ്രധാന തിരഞ്ഞെടുപ്പു പോരാളികൾ കോൺഗ്രസും ദളുമാണ്. എന്നിട്ടിപ്പോൾ ഒന്നിച്ചു ഭരിക്കുമ്പോൾ എങ്ങനെയാകുമെന്നത് സ്വാഭാവിക കൗതുകത്തിൽനിന്നുയരുന്ന ചോദ്യം മാത്രം. 

നിയമസഭയിൽ വിശ്വാസവോട്ടു തെളിയിച്ചുകഴിഞ്ഞാൽ  അഞ്ചു വർഷം മുന്നോട്ടുപോയേ നിൽക്കൂ എന്നാണു കുമാരസ്വാമി പറയുന്നത്. രാജ്യത്തെ ബിജെപി ഇതര നേതാക്കളെയെല്ലാം നേരിൽകണ്ട് അനുഗ്രഹം വാങ്ങിയും ക്ഷണിച്ചുമാണ്  അദ്ദേഹം ബെംഗളൂരു വിധാൻസഭയുടെ പടവുകളിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. 

2004ലെ ദൾ–കോൺഗ്രസ് സഖ്യം

2004ൽ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 79 സീറ്റുകൾ. രണ്ടാം സ്ഥാനത്തു കോൺഗ്രസ്–65 സീറ്റ്. മൂന്നാമതെത്തിയ ജനതാദളും മോശമാക്കിയില്ല. 58 സീറ്റുണ്ടായിരുന്നു ദേവെഗൗഡയുടെ പാർട്ടിക്ക്. ബിജെപിയെ അധികാരത്തിൽനിന്നകറ്റുകയെന്ന ഏക ഇന അജൻഡയിൽ ദൾ–കോൺഗ്രസ് സഖ്യം രൂപപ്പെട്ടു. എൻ. ധരംസിങ് (കോൺഗ്രസ്) മുഖ്യമന്ത്രിയും സിദ്ധരാമയ്യ (ദൾ) ഉപമുഖ്യമന്ത്രിയുമായി. 

കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കായി ഒരുങ്ങിയ ബെംഗളൂരു വിധാന്‍സൗധക്ക് മുന്‍പില്‍ നിരത്തിയ കസേരകള്‍. ചിത്രം: മനോരമ 

അന്നത്തെ മന്ത്രിസഭയുടെ നിലനിൽപ് ധരംസിങ് എന്ന തന്ത്രജ്ഞന്റെ വിട്ടുവീഴ്ചാ മനോഭാവത്തിലായിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള രാഷ്ട്രീയ–മാധ്യമ പ്രവർത്തകർ പറയും. എച്ച്.ഡി. ദേവെഗൗഡയെന്ന സൂത്രശാലിയുടെ സമ്മർദ തന്ത്രങ്ങൾ നേരിടാൻ ഏറ്റവും വേണ്ടിയിരുന്നതും ആ മനോഭാവം തന്നെ. ഓരോ ദിവസവും ഭരണ കാര്യങ്ങളിൽ ഗൗഡയുടെ പരോക്ഷമായ ഇടപെടലുണ്ടായിരുന്നത്രെ അന്ന്. ഓരോന്നും എങ്ങനെ ചെയ്യണമെന്ന നിർദേശം ഗൗഡയുടെ വീട്ടിൽനിന്നു വന്നുകൊണ്ടിരുന്നു. ദൾ മന്ത്രിമാർ മാത്രമല്ല, കോൺഗ്രസ് മന്ത്രിമാരും ഈ സമ്മർദം നേരിട്ടു. ഈ സാഹചര്യത്തിലാണു കോൺഗ്രസ് ദളിനു മുഖ്യമന്ത്രിപദം വിട്ടുനൽകേണ്ട കാലമെത്തിയത്. സ്വാഭാവികമായും ദളിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കു ലഭിക്കണം മുഖ്യമന്ത്രിപദം. എന്നാൽ, എച്ച്.ഡി. കുമാരസ്വാമിയും കൂട്ടരും സഖ്യം വിട്ടു ബിജെപിക്കൊപ്പം പോയി. അങ്ങനെ ബിജെപി പിന്തുണയോടെ ദൾ–ബിജെപി സഖ്യസർക്കാർ പിറന്നു. അന്നു ശേഷിച്ച 40 മാസക്കാലത്തെ തുല്യമായി വിഭജിച്ച് ട്വന്റി–20 സഖ്യം വന്നു. 20 മാസക്കാലം വീതം ഭരണം. എന്നാൽ മുഖ്യമന്ത്രിപദത്തിൽ 20 മാസം കഴിഞ്ഞപ്പോൾ  കുമാരസ്വാമി ബിജെപിയെ കൈവിട്ടു. 

ഇന്നത്തെ സ്ഥിതി

ദൾ–കോൺഗ്രസ് സഖ്യത്തിന്റെ അജൻഡയിലെ പ്രധാനകാര്യം പഴയതുതന്നെ. ബിജെപിയെ അധികാരത്തിൽനിന്നകറ്റി നിർത്തുക. ഇത്തവണ കൂടുതൽ അപമാനിതനായാണു ബി.എസ്. യെഡിയൂരപ്പ മുഖ്യമന്ത്രി പദം കൈവിട്ടത്. 55 മണിക്കൂർ നേരം മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നുവന്നതോടെ രാജിവച്ചു. വിശ്വാസവോട്ടു തേടാതെതന്നെ. 

കുമാരസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിനു കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതു നിരുപാധിക പിന്തുണയാണ്. അങ്ങനെ വേണ്ടെന്നായി ഗൗഡയും കുമാരസ്വാമിയും. കോൺഗ്രസും മന്ത്രിസഭയിലുണ്ടാകണം. ആ നിർബന്ധത്തിനു കോൺഗ്രസ് വഴങ്ങി. അപ്പോൾ പിന്നെ മന്ത്രിസ്ഥാനം എത്രയെന്നായി. ഉപമുഖ്യമന്ത്രി പദവും സ്പീക്കർ പദവിയും 20 മന്ത്രിസ്ഥാനവും നൽകാമെന്നായി ദൾ. 13 പേർ ദളിൽനിന്നു മന്ത്രിമാരാകും. അതു പറ്റില്ലെന്നു ശഠിച്ചു കോൺഗ്രസ്. കൂടുതൽ എംഎൽഎമാരുള്ളതിനാൽ  മന്ത്രിസ്ഥാനം 22 ആകണമെന്നായി അവർ. അതിന് ദൾ വഴങ്ങി. 22 മന്ത്രിമാർ കോൺഗ്രസിൽനിന്നും മുഖ്യമന്ത്രിയടക്കം 12 പേർ ദളിൽനിന്നും. കോൺഗ്രസിന് ഉപമുഖ്യമന്ത്രിയും സ്പീക്കർ പദവിയും. 

കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചു ബെംഗളൂരു വിധാന്‍സൗധക്കു മുന്‍പിലെ പൂന്തോട്ടം വെട്ടിയൊരുക്കുന്നവര്‍. ചിത്രം: മനോരമ

2004ൽനിന്ന് ഇത്തവണയുള്ള പ്രധാന വ്യത്യാസം മുഖ്യമന്ത്രിപദം ദളിനാകുമെന്നതാണ്. അതും കുമാരസ്വാമിതന്നെ. അതായതു ദേവെഗൗഡയുടെ ഭരണ–രാഷ്ട്രീയ താൽപര്യ സമ്മർദം നേരിട്ടു നേരിടേണ്ടിവരില്ല കോൺഗ്രസിന്. അക്കാര്യമെല്ലാം സ്വാഭാവികമായും ഗൗഡ മകനോടു പറഞ്ഞുകൊള്ളും. ഇതു ചെറിയ ആശ്വാസമൊന്നുമാകില്ല കോൺഗ്രസിനു നൽകുക. മുഖ്യമന്ത്രിപദത്തിൽ കോൺഗ്രസ് നേതാവായിരുന്നെങ്കിൽ നേരിടേണ്ടിവരുന്ന സമ്മർദം കുറച്ചൊന്നുമാകില്ല. ഇതിപ്പോൾ മുഖ്യമന്ത്രിപദം പോയാലെന്താ? ഇഷ്ടംപോലെ മന്ത്രിസ്ഥാനവുമുണ്ടാകുമല്ലോ–അതാകും കോൺഗ്രസ് ചിന്ത.. ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കി നിർത്തുകയും ചെയ്യാം. 

പരമാവധി സഹകരിച്ചും താഴ്ന്നുനിന്നുമാകും കോൺഗ്രസ് മുന്നോട്ടുപോകുകയെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചുകഴിഞ്ഞു. 2006ൽനിന്നു കുമാരസ്വാമി കൂടുതൽ പക്വമതിയായിട്ടുണ്ടെന്നതും കാണാം. ആ തരത്തിൽ അധികാരത്തിൽ തുടരാൻ കിട്ടുന്ന സുവർണാവസരം ദളും വിട്ടുകളയാനിടയില്ല. മാത്രമല്ല, പതിറ്റാണ്ടിനു ശേഷം ലഭിക്കുന്ന അധികാരം വിട്ടുകളയാനും അവർ തയാറാകില്ല. രാഷ്ട്രീയം പയറ്റാൻ സമ്പത്ത് സുപ്രധാന ഘടകമായ ഇക്കാലത്തു പ്രത്യേകിച്ചും. 

ഭൂരിപക്ഷം നേരിയത്

നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്നതും ഇടയ്ക്കിടെ അവിശ്വാസപ്രമേയം വരാമെന്നതും ദൾ–കോൺഗ്രസ് സഖ്യത്തെ അലട്ടും. സ്പീക്കർ ആകും ഈ ഘട്ടത്തിൽ കോൺഗ്രസിനെ ഏറ്റവും തുണയ്ക്കുക. ബിജെപി മുൻപു യെഡിയൂരപ്പ മന്ത്രിസഭയുടെ കാലത്തു നിയമസഭയിലുണ്ടാക്കിയ കീഴ്‌വഴക്കങ്ങൾ ദൾ–കോൺഗ്രസ് സഖ്യത്തിന് ഇത്തരം അവസരങ്ങളിൽ തുണയാകും. എംഎൽഎമാരെ രാജിവയ്പിച്ചു മറുകണ്ടം ചാടിക്കാൻ ബിജെപിയിൽ നിന്നു നീക്കമുണ്ടാകുമെന്നതു മൂന്നുതരമാണ്. റെഡ്ഡി സഹോദരന്മാർ അതിനു തുനിയില്ലെന്നു കരുതാനാകില്ല. ഒരു പക്ഷേ, ഈ മന്ത്രിസഭ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുവരെ  കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോയാൽ അതു ബിജെപിക്കു കൂടുതൽ സീറ്റ് നേടുന്നതിനു തടസ്സമാകാം. പരമാവധി അസ്വാരസ്യങ്ങളും പ്രശ്നങ്ങളും അഴിമതിക്കഥകളുമുണ്ടായാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു ബിജെപിക്ക് ആയുധങ്ങളാകും.

എംഎൽഎമാരെ ചാടിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം തടയുകയെന്നതാകും കോൺഗ്രസ്–ദൾ സഖ്യത്തിനു പ്രധാന വെല്ലുവിളി. ഡി.കെ. ശിവകുമാറിനെപ്പോലുള്ള കോടീശ്വരന്മാരായ നേതാക്കളുടെ ശ്രദ്ധ സദാസമയവും ഈ കാര്യത്തിലുണ്ടാകേണ്ടിവരും. ദൾ എംഎൽഎമാർ ചാടാതിരിക്കാൻ കുമാരസ്വാമിയും ശ്രദ്ധിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ഇതുതന്നെയാകും ഈ മന്ത്രിസഭയുടെ സുഗമമായ മുന്നോട്ടുപോക്കിനെ ദോഷകരമായി ബാധിക്കുന്ന ഘടകവും.