വിപണിക്കു നേട്ടം, രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച

മുംബൈ ∙ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 261 പോയിന്റ് ഉയർന്ന് ബിഎസ്ഇ സെൻസെക്സ് 34,924 ൽ ക്ലോസ് ചെയ്തു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓയിൽ, മെറ്റൽ സ്റ്റോക്കുകൾക്കുണ്ടായ നേട്ടം വിപണിക്ക് തുണയായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 10,605 ലാണു വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക രണ്ടു ശതമാനം നേട്ടമുണ്ടാക്കി. മിക്ക സെക്ടറുകളും നേട്ടത്തിലായിരുന്നു. എന്നാൽ നിഫ്റ്റി ഐടി സൂചിക .10 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തിൽ ടിസിഎസിന്റെ വിപണി മൂല്യം പുതിയ ഉയരം കീഴടക്കി ഏഴു ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. എന്നാൽ ഓഹരി വില .43 ശതമാനം ഇടിഞ്ഞ് ഈ നിലവാരത്തിനു താഴെയാണ് വ്യാപാരം അവസാനിച്ചത്. ഐഡിയ സെല്ലൂലർ, ഹിൻഡാൽകോ, ഒഎൻജിസി, എച്ച്പിസിഎൽ, എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ, ടെക് മഹീന്ദ്രാ, ഐടിസി, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.

രൂപയുടെ മൂല്യത്തിൽ നേരിയ നേട്ടമുണ്ടായി. യുഎസ് ഡോളറിനെതിരെയുള്ള വിനിമയത്തിൽ രൂപ 57 പൈസ ഉയർന്ന് 67.77 പൈസയിലെത്തി.