കുമ്മനം രാജശേഖരന്റേത് പണിഷ്മെന്റ് ട്രാൻസ്ഫർ: കോടിയേരി

ചെങ്ങന്നൂര്‍ ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറാക്കിയത് പണിഷ്മെന്റ് ട്രാൻസ്ഫറെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയമായതു കൊണ്ടാണു കുമ്മനത്തെ മാറ്റിയത്. അല്ലെങ്കിൽ നല്ല സംസ്ഥാനം കൊടുക്കരുതായിരുന്നോ. 10 ലക്ഷമാണു മിസോറമിലെ ജനസംഖ്യ. തിരുവനന്തപുരം ജില്ലയിൽ അതിൽ കൂടുതൽ ജനസംഖ്യയുണ്ട്.

ശ്രീധരൻപിള്ളയ്ക്കായി വച്ചതാണു ഗവർണർ സ്ഥാനം. കുമ്മനത്തിന്റെ സ്ഥാനനേട്ടം കേട്ടപ്പോൾ ശ്രീധരൻപിള്ളയ്ക്കു മോഹാലസ്യമുണ്ടായെന്നാണ് അറിഞ്ഞത്. സേനാനായകന്‍ നഷ്ടപ്പെട്ട പട പോലെയായി ബിജെപി. 

കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപി ആയിക്കൊണ്ടിരിക്കുകയാണ്. കൈപ്പത്തിയിലാണു കേരളത്തിലും ആദ്യം താമര വിരിഞ്ഞത്. ആർഎസ്എസ് തലവന്റെയും എ.കെ.ആന്റണിയുടെയും ശബ്ദം ഒരു പോലെയാണ്. 91 ൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ കോലീബി (കോൺഗ്രസ്–ലീഗ്–ബിജെപി) സഖ്യമുണ്ടായിട്ടുണ്ട്. സിപിഎം കൊലയാളി പാർട്ടിയെന്നു യുഡിഎഫും ബിജെപിയും കള്ള പ്രചാര വേല നടത്തുന്നു. ഇതുവരെ 600 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിൽ 200 പേരെ കൊന്നത് ആർഎസ്എസുകാരാണ്. കോൺഗ്രസും ലീഗും ചേർന്നു മറ്റുള്ളവരെ കൊലപ്പെടുത്തി. പിന്നെ ‍തങ്ങളെ എങ്ങനെ കൊലപാതക പാർട്ടി എന്നു വിളിക്കാനാകുമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ചെങ്ങന്നൂരിൽ എത്തിയതായിരുന്നു കോടിയേരി.