സര്‍ക്കാരിന്റെ ‘പ്രോഗ്രസ് കാര്‍ഡ്’; പൂജ്യം മാര്‍ക്കുമായി ആഭ്യന്തര വകുപ്പും ഉപദേശകനും

തിരുവനന്തപുരം∙ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ‘പ്രോഗ്രസ് കാര്‍ഡില്‍’ ഏറ്റവും പിന്നില്‍ ആഭ്യന്തര വകുപ്പ്. പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിരവധി സര്‍ക്കുലറുകള്‍ പുറത്തിറക്കിയിട്ടും പൊലീസിനു പ്രത്യേക ഉപദേശകനെ നിയമിച്ചിട്ടും പ്രവര്‍ത്തനം മെച്ചപ്പെടുന്നില്ലെന്നതിനു തെളിവാണു കോട്ടയത്തെ സംഭവം. പ്രണയവിവാഹം കഴിച്ച നവവരൻ, നട്ടാശേരി എസ്.എച്ച്. മൗണ്ട് കെവിൻ പി. ജോസഫിനെ പത്തംഗ സംഘം വീടാക്രമിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പരാതിയുമായി കുടുംബമെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് അന്വേഷിക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ പൊലീസ് കാണിക്കേണ്ട ജാഗ്രത കാണിക്കണമായിരുന്നുവെന്നും അതിലേക്ക് തന്നെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

∙ പൊലീസിന് ഉപദേഷ്ടാവുണ്ട്, ഉപദേശമില്ല

പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നതിനെത്തുടര്‍ന്നാണു മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേശകനായി ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. ‘ഉപദേശകര്‍‌ ഉണ്ടാകുന്നതു നല്ലതല്ലേ, ഒരാള്‍ കൂടി അയിക്കോട്ടെയെന്നു കരുതി’ - നിയമനത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാല്‍, ഉപദേഷ്ടാവ് എത്തിയശേഷം കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്ന സാഹചര്യമാണ് ഉണ്ടായത്.

1973 ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനുമായി ഏറെ അടുപ്പം പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നു. ചാരക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്നു കേന്ദ്ര സര്‍വീസിലേക്കു പോയി. പിന്നീടു സീനിയോറിറ്റി മറികടന്ന് 2005ല്‍ ഡിജിപിയായി. 2009ല്‍ അതിര്‍ത്തി സേനാ മേധാവിയുമായി. ചാരക്കേസില്‍ ആരോപണ വിധേയനും കോണ്‍ഗ്രസ് നേതാക്കളോട് അടുപ്പം പുലര്‍ത്തുന്നയാളുമായ ശ്രീവാസ്തവയെ ഉപദേശകനാക്കുന്നതില്‍ സിപിഎമ്മിലും എതിര്‍പ്പുണ്ടായിരുന്നു. മുഖ്യമന്ത്രി താല്‍പര്യമെടുത്തതോടെയാണു നിയമനം നടന്നത്. ഉപദേഷ്ടാവ് വന്നിട്ടും കാര്യമായ ഗുണമുണ്ടായില്ലെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലാണു ഉപദേശകന്റെ പ്രവര്‍ത്തനമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

∙ ഇടിയന്‍ പൊലീസ്, പൊലീസിനെ വെട്ടിലാക്കിയ സംഭവങ്ങള്‍

തിരുവനന്തപുരം 2017 ഏപ്രില്‍ 4

പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബത്തെയും പൊലീസ് തടയുന്നു. അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചു. പിന്നീട് അറസ്റ്റു ചെയ്തു. സംഭവം വിവാദമാകുന്നു. ഡിജിപിയെ വി.എസ്. അച്യുതാനന്ദന്‍ ശകാരിക്കുന്നു.

ആലപ്പുഴ കഞ്ഞിക്കുഴി 2018 മാര്‍ച്ച് 11

കഞ്ഞിക്കുഴി കുത്തക്കര വീട്ടില്‍ ഷേബുവും ഭാര്യ സുമിയും രണ്ടു മക്കളും ബൈക്കില്‍ പോകുമ്പോള്‍ ഹൈവേ പൊലീസ് കൈകാണിക്കുന്നു. നിര്‍ത്താതെ പോയതിനെത്തുടര്‍ന്നു പൊലീസ് പിന്തുടരുന്നു. ഷേബുവിന്റെ ബൈക്കിനു കുറുകെ പൊലീസ് വാഹനം ഇട്ടതിനെത്തുടര്‍ന്നു ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു യാത്രക്കാരനായ ബിച്ചുവും സുമിയും മരിച്ചു. ഹൈവേ പൊലീസിനെ രക്ഷപ്പെടുത്താന്‍ പൊലീസിന്റെ ശ്രമം. എസ്ഐയെ പിന്നീട് സസ്പെന്‍ഡ് ചെയ്തു.

കോട്ടയം ഈരാറ്റുപേട്ട 2018 മാര്‍ച്ച് 16

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്രചെയ്ത യുവാക്കള്‍ക്കുനേരെ എസ്ഐ മഞ്ജുലാലിന്റെ അസഭ്യവര്‍ഷം. വാഹനം സ്റ്റേഷനിലെത്തിച്ചശേഷം അസഭ്യം പറയുകയായിരുന്നു. വിഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.

മലപ്പുറം കോട്ടയ്ക്കല്‍, 2018 മാര്‍ച്ച് 24

ഗവര്‍ണര്‍ക്കു വഴിയൊരുക്കാന്‍നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കാര്‍ യാത്രികന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. കാര്‍ റോഡിനോടു ചേര്‍ന്ന് ഒതുക്കി നിര്‍ത്തിയില്ലെന്നാരോപിച്ചാണു മര്‍ദിച്ചത്. എഎസ്ഐ ബെന്നി വര്‍ഗീസിനെ സ്ഥലംമാറ്റി.

തിരുവനന്തപുരം 2018 മാര്‍ച്ച് 14

വിദേശ വനിതയെ കാണാതാകുന്നു. ഭര്‍ത്താവും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. ഒരു മാസത്തിനുശേഷം അവരുടെ മൃതശരീരം കണ്ടെത്തുന്നു.

കൊച്ചി വരാപ്പുഴ ഏപ്രില്‍ 9

വീടാക്രമിച്ചെന്ന പേരില്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനത്തെത്തുടര്‍ന്നു മരിക്കുന്നു. ക്രൂരമായ മര്‍ദനമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസുകാരെയും എസ്ഐയെയും സസ്പെന്‍ഡ് ചെയ്തു. പിന്നീട് ഇവരെ അറസ്റ്റു ചെയ്തു. എസ്പി എ.വി. ജോര്‍ജും ആരോപണ വിധേയന്‍. എസ്പിക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു.