ഹയർസെക്കൻഡറി പഠനം: സിബിഎസ്ഇ കുട്ടികൾക്ക് 31 വരെ അപേക്ഷിക്കാം

കൊച്ചി ∙ സിബിഎസ്ഇ പത്താം ക്ലാസ് പാസായ കുട്ടികൾക്കു സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പഠനം തുടരാനുള്ള അപേക്ഷ നൽകാൻ മേയ് 31 വരെ സമയം അനുവദിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അപേക്ഷ നൽകാൻ മൂന്നു പ്രവൃത്തി ദിനങ്ങൾ അനുവദിക്കണമെന്നാണു വിദ്യാഭ്യാസ വകുപ്പിനു നിർദേശം നൽകിയത്.

സിബിഎസ്ഇ സിലബസിൽ പത്താം ക്ലാസ് വരെ മാത്രം പഠിപ്പിക്കുന്ന ചില സ്കൂളുകൾ നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.  നേരത്തേ മേയ് 18 വരെയാണ് അപേക്ഷിക്കാൻ സമയം നൽകിയത്. എന്നാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതിനാൽ മേയ് 30 വരെ തീയതി നീട്ടിയിരുന്നു. ഇതാണു ഹൈക്കോടതി ഇപ്പോൾ മേയ് 31 വരെയാക്കിയത്.