ബിഹാർ തോൽവി നിതീഷിന് തിരിച്ചടി; കരുത്താർജിച്ച് തേജസ്വി

നിതീഷ് കുമാർ, തേജസ്വി യാദവ്

പട്ന ∙ ബിഹാറിലെ ജോകിഹത് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി വൻഭൂരിപക്ഷത്തിൽ വിജയിച്ചതു മുഖ്യമന്ത്രി നിതീഷ് കുമാറിനു കനത്ത തിരിച്ചടിയായി. ജെഡിയു സ്ഥാനാർഥി മുർഷിദ് ആലത്തെ 41,000 വോട്ടുകൾക്കാണ് ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം പരാജയപ്പെടുത്തിയത്. ആർജെ‍‍‍‍ഡിയുമായി സഖ്യമുണ്ടായിരുന്നപ്പോൾ ജെഡിയു വിജയിച്ച സീറ്റിലാണു ബിജെപി സഖ്യത്തിൽ മൽസരിച്ചപ്പോൾ പരാജയം.

ജെഡിയു എംഎൽഎയായിരുന്ന സർഫറാസ് ആലം അരാരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ആർജെ‍ഡി സ്ഥാനാർഥിയായി മൽസരിച്ചു വിജയിച്ചതിനെത്തുടർന്നാണു ജോകിഹതിൽ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ആർജെ‍ഡി നേതാവ് ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽവാസത്തിലായതു പാർട്ടിയെ തളർത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു ഫലം. ലാലുവിന്റെ മകൻ തേജസ്വി ജനപ്രിയ നേതാവായി വളരുന്നതു ബിജെപിയെയും ജെഡിയുവിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

2014ൽ മോദി തരംഗത്തിൽ ഭിന്നിച്ചു നഷ്ടപ്പെട്ട യാദവ, ന്യൂനപക്ഷ വോട്ടുകൾ ആർജെഡിയിലേക്കു തിരിച്ചുവരുന്നതായാണു വിലയിരുത്തൽ. രണ്ടുവട്ടം മുന്നണിമാറ്റം നടത്തിയ നിതീഷിന്റെ രാഷ്ട്രീയവിശ്വാസ്യത പ്രശ്നത്തിലാണ്. ബിജെപിക്കു നിതീഷിൽ വിശ്വാസമില്ലെന്നതാണു സ്ഥിതി. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങളെ ബിജെപി അവഗണിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സംസ്ഥാന പദവിയുടെ പേരിൽ എൻഡിഎ സഖ്യം വിട്ട ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലെ കടുംപിടിത്തമില്ലെന്നാണു നിതീഷിന്റെ നിലപാട്.