പുതപ്പിലും ഷൂവിലും അണലി; മഴക്കാലത്തും ‘മാളം’ വിട്ട് വിഷപ്പാമ്പുകൾ

മൂർഖൻ പാമ്പ്

കോട്ടയം∙ മഴക്കാലമായിട്ടും മണ്ണ് തണുക്കാതായതോടെ ചൂടുകാലത്തിനു സമാനമായി പാമ്പുകൾ പുറത്തേക്കിറങ്ങുന്നതു വർധിക്കുന്നു. ശരീരോഷ്മാവ് സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത പാമ്പുകൾ മാളങ്ങളിൽ ചൂടേറുന്നതോടെ തണുപ്പു തേടിയാണു പുറത്തേക്കിറങ്ങുന്നത്. അതിനായി ഇവ മിക്കപ്പോഴും ആശ്രയിക്കുന്നതാകട്ടെ വീടുകളും. വീടുകളിലെ തറയുടെ തണുപ്പാണ് ഇവയ്ക്കുള്ള പ്രലോഭനം. മറ്റൊരു പ്രശ്നം കൂടി ഇപ്പോൾ തലപൊക്കുന്നുണ്ട്– പുതപ്പിനുള്ളിൽ പാമ്പുകൾ ചുരുണ്ടു കൂടിക്കിടക്കുന്നത്. അടുത്തിടെ പാമ്പുകടിയേറ്റു കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ അതിൽ മുക്കാൽ പങ്കും അണലിയുടെ കടിയേറ്റതാണ്. അതും വീടിനകത്തു വച്ച്. മഴക്കാലമായിട്ടും പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ കുറവുമുണ്ടാകുന്നില്ല.

Read More: പാമ്പുകടിയേറ്റാൽ എന്താണ് ആദ്യം ചെയ്യേണ്ടത്?

അണലി

സാധാരണ ഗതിയിൽ ഏപ്രിൽ, മേയ്, നവംബർ, ഡിസംബർ തുടങ്ങിയ മാസങ്ങളിലാണു പാമ്പുകൾ പകൽ പുറത്തിറങ്ങാറുള്ളത്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴത്തണുപ്പിൽ മാളങ്ങളിൽത്തന്നെ പതുങ്ങുകയാണു പതിവ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിലെ ആദ്യമഴയ്ക്കു തന്നെ മണ്ണ് തണുക്കേണ്ടതാണ്. കഴിഞ്ഞ തവണ അതു സംഭവിച്ചതുമാണ്. എന്നാൽ ഇത്തവണ കാലവർഷം നേരത്തേയെത്തിയെങ്കിലും മഴ ശക്തമായില്ല. ഇടയ്ക്കിടെ വെയിലേറുകയും ചെയ്യുന്നു. അതോടെയാണു പാമ്പുകൾ മാളം വിട്ടു പുറത്തിറങ്ങാൻ തുടങ്ങിയത്. സ്കൂൾ തുറന്ന സാഹചര്യത്തിലും പാമ്പുശല്യം രൂക്ഷമാകുന്നുണ്ട്. പത്തനംതിട്ടയിൽ പ്രവേശനോത്സവത്തിനിടെ ക്ലാസ്മുറിയിൽ വച്ചു വിദ്യാർഥിക്കു പാമ്പുകടിയേറ്റതാണ് ഇതിലെ ഏറ്റവും പുതിയ സംഭവം. പ്രമാടം സ്കൂളിലായിരുന്നു ഇത്.

മഴയിലും തണുക്കാതെ...

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണു പാമ്പുകളെ മഴക്കാലത്തും തണുപ്പു തേടി പുറത്തേക്കിറങ്ങുന്നതെന്ന് തേക്കടിയില്‍ വനംവകുപ്പ് ജീവനക്കാരനും പാമ്പുകളെ പിടികൂടുന്നതിൽ വിദഗ്ധനുമായ തൃശൂര്‍ കൊടകര സ്വദേശി കെ.എ.അബീഷ് പറയുന്നു. നല്ല മഴ ലഭിച്ചിട്ടും ഇത്തവണ മണ്ണിന്നടിയിലേക്കു തണുപ്പിറങ്ങിയിട്ടില്ല. തൃശൂർ, ആലപ്പുഴ, കോട്ടയം തുടങ്ങി താരതമ്യേന ചൂടേറിയ ജില്ലകളിൽ നിന്ന് പകൽ സമയം പാമ്പുകളിറങ്ങിയ വിവരവുമായി വനംവകുപ്പ് ഓഫിസുകളിലേക്കു ഫോൺ സന്ദേശങ്ങളും ഇപ്പോൾ പതിവാണ്.

Read More: മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ..

അണലി, ശംഖുവരയൻ, മൂർഖൻ എന്നീ പാമ്പുകളെയാണു നാട്ടുപ്രദേശങ്ങളിൽ മഴക്കാലത്തു പ്രധാനമായും ഭയക്കേണ്ടത്. ഇവയിൽ അണലിയും ശംഖുവരയനും രാത്രിസഞ്ചാരികളാണ്. ഇപ്പോൾ പകൽ പാമ്പു കടിയേൽക്കുന്ന സംഭവങ്ങളിലേറെയും അണലിയിൽ നിന്നാണ്. ചൂടേറുന്നതു തന്നെ കാരണം. മൂർഖനെപ്പോലെ ചീറ്റി മുന്നറിയിപ്പു നൽകുന്നതല്ല അണലിയുടെ രീതി, അവ പതുങ്ങിക്കിടന്ന് ആരെങ്കിലും ശല്യപ്പെടുത്തിയാലാണു കടിക്കുക. പുതപ്പിനടിയിലെ തണുപ്പു പറ്റി കിടക്കുന്ന അണലിയുടെ കടിയേൽക്കാൻ സാധ്യത കൂടുന്നതും അതുകൊണ്ടാണ്.

പിടികൂടിയ മൂർഖൻ പാമ്പുമായി അബീഷ്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വണ്ടിക്കുള്ളിലും ഷൂവിനുള്ളിലുമെല്ലാം തണുപ്പു തേടി പാമ്പുകൾ പതുങ്ങുന്നതും അപകടസാധ്യതയേറ്റുന്നു. വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്തു പൊഴിയുന്ന ഇലകൾക്കടിയിലും തണുപ്പുപറ്റി പാമ്പുകൾ കിടക്കാറുണ്ട്. രാത്രി കിടക്കും മുൻപ് പുതപ്പും മറ്റും നല്ലതു പോലെ പരിശോധിക്കുക, പുറത്തൂരിയിട്ട ചെരിപ്പുകളും ഷൂവുമെല്ലാം പിറ്റേന്നു രാവിലെ തട്ടിക്കുടഞ്ഞു മാത്രം ഉപയോഗിക്കുക, വാഹനങ്ങളുടെ അകത്തും ദിവസവും പരിശോധന നടത്തുക തുടങ്ങിയവ ഉറപ്പാക്കണം. വീടും പരിസരവും കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്നു ചികിത്സ തേടാനും ശ്രമിക്കണം. കടിച്ച പാമ്പിനെ കൊന്നു കൊണ്ടുവരേണ്ട ആവശ്യവുമില്ല. അണലിയുടെ വിഷം രക്തക്കുഴലുകളെയും മൂർഖന്റെയും ശംഖുവരയന്റേതും നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. ഇവയ്ക്കു മൂന്നിനും ഒരേ ആന്റി സ്നേക്ക് വെനമാണ്(എഎസ്‌വി) ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ വിഷം തീണ്ടിയാൽ എത്രയും പെട്ടെന്ന് എഎസ്‌വി ലഭ്യമാക്കുകയെന്നതിനാണു പ്രാധാന്യം.

ലക്ഷണങ്ങൾ നോക്കിത്തന്നെ എഎസ്‌വി നൽകുന്ന കാര്യത്തിൽ ഡോക്ടര്‍മാർക്ക് ഉടൻ തീരുമാനമെടുക്കാനാകും (വിഷം തീണ്ടാതെ എഎസ്‌വി നൽകുന്നത് ജീവനു പോലും അപകടമാണ്). ഏതു പാമ്പു കടിച്ചാലും പരമാവധി ഭയപ്പെടാതെയിരിക്കണമെന്നും അബീഷ് പറയുന്നു. എന്നാൽ അതിനർഥം വൈദ്യസഹായം തേടാൻ വൈകണമെന്നല്ല. മഴക്കാലത്തെ തണുപ്പിലും പാമ്പുകളെ ഭയക്കണമെന്നതാണു സത്യം. വീടിലേക്ക് ഏതുവിധേനയും ഇവ കടക്കാം. എന്നാൽ അൽപം മുൻകരുതലെടുക്കുകയാണെങ്കിൽ വിഷപ്പാമ്പുകളുടെ കടിയേൽക്കാതെ പ്രതിരോധിക്കാനും സാധിക്കും.