ഫ്യൂഗോ അഗ്നിപർവത സ്ഫോടനം: ഗ്വാട്ടിമാലയിൽ 25 മരണം

ഫ്യൂഗോ അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുണ്ടായ പുകപടലം.

ഗ്വാട്ടിമാല‌ സിറ്റി∙ ഫ്യൂഗോ അഗ്നിപർവത വിസ്ഫോടനത്തെ തുടർന്നു ഗ്വാട്ടിമാലയിൽ 25 മരണം. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്നു പുറത്തു വന്ന ചാരവും പാറക്കഷ്ണങ്ങളും നിറഞ്ഞതിനാൽ ഗ്വാട്ടിമാല ദേശീയ വിമാനത്താവളം അടച്ചു. ഇൗ വർഷം രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ അഗ്നിപർവത സ്ഫോടനമാണിത്.

വൊൽകാനോ പർവതത്തിന്റെ തെക്കു ഭാഗത്തായി താമസിക്കുന്ന കർഷകരാണ് ഉരുകിയൊലിച്ച ലാവയിൽ വെന്തു മരിച്ചത്. അഗ്നിപർവതത്തിന്റെ സമീപ നഗരങ്ങളിൽനിന്നു രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെടാനായി ചിതറിയോടിയ കർഷകരെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സജീവമായി നിൽക്കുന്ന മൂന്ന് അഗ്നിപർവതങ്ങളാണു ഗ്വാട്ടിമാല സിറ്റിയിലുള്ളത്.