കെവിന്റേത് കൊലപാതകമെന്ന് മുഖ്യമന്ത്രി; കൊല്ലിച്ചത് സിപിഎമ്മെന്ന് പ്രതിപക്ഷം

തിരുവനന്തപുരം∙ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. കേസിൽ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്റെ ദുരഭിമാനക്കൊല കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം ജീർ‌ണ സംസ്കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരഭിമാനക്കൊലയിൽ കർശക്കശമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ല. കെവിന്റെ കൊലപാതകം മറ്റൊരു വഴിക്കു തിരിച്ചുവിടാനുള്ള ശ്രമം നടന്നു. സംഭവത്തിൽ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാൻ നോക്കിയത് എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്നയും സഹോദരൻ സാനുവും കോൺഗ്രസ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതിനിടെ, കെവിന്റെ കൊലപാതകം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി. പൊലീസ് നിയമലംഘകരായി മാറുന്ന സ്ഥിതിവിശേഷം ചർച്ച ചെയ്യണം. കെവിന്റേതു സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടന്ന കൊലപാതകമാണ്. കേസ് സിബിഐക്കു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിൻ കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു. നീനുവിനെ പൊലീസ് സ്റ്റേഷനകത്തുവച്ചു പിതാവ് ക്രൂരമായി മർദിച്ചിട്ടും പൊലീസ് നോക്കിനിന്നു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സിപിഎമ്മാണ്. പോസ്റ്റ്മോർട്ടം നടത്തിയത് ജൂനിയർ ഡോക്ടറാണെന്നും അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്‍ കേസില്‍ പൊലീസിനുണ്ടായത് അസാധാരണ വീഴ്ചയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി പൊലീസിന്റെ സാധാരണ വീഴ്ചയാണിതെന്നും ചെന്നിത്തല പരിഹസിച്ചു. അതേസമയം, അടിയന്തരപ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.