ട്രംപ് – കിം ചർച്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി

കിം ജോങ് ഉൻ

സിയോൾ∙ യുഎസുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റി ഉത്തര കൊറിയ. മാറ്റങ്ങളെ കരുതലോടെ നിരീക്ഷിച്ച് ദക്ഷിണ കൊറിയയും. ജൂൺ 12ന് സിംഗപ്പൂരിലാണ് യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടികാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണു വിലയിരുത്തുന്നത്.

ഉത്തര കൊറിയയുടെ ഭരണത്തിലും നയരൂപീകരണത്തിലും ശക്തമായ സ്വാധീനമാണു കൊറിയൻ പീപ്പിൾസ് പാർട്ടിയെന്ന പേരിലറിയപ്പെടുന്ന സൈന്യത്തിനുള്ളത്. ഉന്നത സൈനിക സ്ഥാനങ്ങളിൽ തന്റെ അനുയായികളെ നിയമിച്ചു സൈന്യത്തെ കൂടുതൽ നിയന്ത്രണ വിധേയമാക്കുകയാണു കിം ചെയ്യുന്നത്. ട്രംപിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്കു മുൻപുണ്ടാകുന്ന സൈനിക മാറ്റങ്ങൾ ദക്ഷിണ കൊറിയ കരുതലോടെയാണ് നോക്കി കാണുന്നത്.

സൈന്യത്തിന്റെ ഉന്നത അധികാര കേന്ദ്രമായ ജനറൽ പൊളിറ്റിക്കൽ ബ്യൂറോയുടെ (ജിപിബി) ഡയറക്ടറായി കിം സു ഗിൽ നിയമിതനായി. കിം ജോങ് ഗാക്കിനെ മാറ്റിയാണ് ഗില്ലിന്റെ നിയമനം. ചീഫ് ഓഫ് ജനറൽ സ്റ്റാഫായി റി മ്യോങ് സുവിനെ മാറ്റി റി യോങ് ഗില്ലിനെയും നിയമിച്ചു.