പോക്കർ ലീഗ്: ശിൽപ ഷെട്ടിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു; സാക്ഷിയാണെന്ന് കുന്ദ്ര

രാജ് കുന്ദ്ര.

മുംബയ്∙ ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. സമൻസ് നൽകിയാണു കുന്ദ്രയെ വിളിച്ചുവരുത്തിയത്. അനധികൃതമായ ബിറ്റ്കോയിൻ ഇടപാടിൽ കുന്ദ്രയുടെ പങ്ക് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണു തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് കുന്ദ്ര മാധ്യമങ്ങളോടു പറഞ്ഞു. ഒരു അമിത് ഭരദ്വാജ് തട്ടിപ്പുകേസിൽ ഉൾപ്പെട്ടിട്ടുണ്ട്. തങ്ങൾ നടത്തുന്ന പോക്കർ ലീഗിൽ ഒരു ടീമിനെ അമിത് വാങ്ങിയിരുന്നു. എന്നാൽ പണം നൽകാത്തതിനെത്തുടർന്നു പുറത്താക്കി. ഇതിന്മേൽ ഇഡി സംഘത്തിനു വീശദീകരണം നൽകുകയും ചെയ്തു– ചോദ്യം ചെയ്യലിനു ശേഷം കുന്ദ്ര പറഞ്ഞു.

കുറച്ചുനാൾ മുൻപ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ), ബിറ്റ്കോയിൻ കേന്ദ്രീകൃത വെബ്സൈറ്റായ ഗെയിൻബിറ്റ്കോയിന് എതിരെ ഇഡി കേസെടുത്തിരുന്നു. 8000 നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപ തട്ടിച്ചുവെന്നാണു കേസ്. വെബ്സൈറ്റ് ഉടമകളെന്നു സംശയിക്കുന്ന ഭരദ്വാജ്, സഹോദരൻ വിവേക് എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിശദ അന്വേഷണത്തിന്റെ ഭാഗമായാണു കുന്ദ്രയെ ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്.