ഇതു നല്ല വാർത്തയാണല്ലോ: ലാദന്റെ മരണമറിഞ്ഞ പാക്ക് പ്രസിഡന്റ്

പാക്കിസ്ഥാൻ മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരി

വാഷിങ്ടൻ∙ അല്‍ഖായിദ തലവന്‍ ഉസാമ ബിൻ ലാദന്റെ വധം അറിഞ്ഞയുടൻ പാക്ക് പ്രസിഡന്റായിരുന്ന ആസിഫ് അലി സർദാരി ഇതു നല്ല വാർത്തയാണെന്നു പ്രതികരിച്ചിരുന്നതായി മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ അടുപ്പക്കാരന്‍. തന്റെ പുതിയ പുസ്തകത്തിലാണു വൈറ്റ്ഹൗസിലെ ഒബാമയുടെ അടുത്ത വ്യക്തികളിലൊരാളായ ബെൻ റോഡ്സിന്റെ പരാമർശം.

ഇതു വളരെ നല്ല വാർത്തയാണ്. ദൈവം നിങ്ങളുടെയും അമേരിക്കയിലെ ജനങ്ങളുടെ കൂടെയും ഉണ്ടാകും– സർദാരി മരണ വാർത്ത അറിയിക്കാൻ വിളിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോടു പറഞ്ഞു. 2011 മേയ് രണ്ടിനാണു പാക്കിസ്ഥാനിലെ അബട്ടാബാദില്‍നിന്നു ലാദനെ യുഎസ് സൈനികർ വധിക്കുന്നത്. 2007ല്‍ ഭാര്യ ബേനസീർ ബൂട്ടോ കൊല്ലപ്പെട്ടതോടെയാണ് ആസിഫ് അലി സർദാരി പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ പ്രധാന സ്ഥാനത്തെത്തുന്നത്.

പാക്കിസ്ഥാന്റെ പരമാധികാരത്തിൽ യുഎസ് തലയിട്ടതിനെതിരേ സർദാരിക്കു തിരിച്ചടി ലഭിക്കുമെന്നുറപ്പായിരുന്നെന്നും 'ദ് വേൾഡ് ആസ് ഇറ്റ് ഈസ്: എ മെമോയ്ർ ഓഫ് ദ് ഒബാമ വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിൽ പരാമർശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർദാരി അസ്വസ്ഥനായിരുന്നില്ല. ഒബാമ ഇക്കാര്യം ചെയ്യുമെന്നു വ്യക്തമായിരുന്നു. എന്നോടും അദ്ദേഹം അഭിപ്രായം ചോദിച്ചിരുന്നു. താങ്കള്‍ ഇക്കാര്യം ചെയ്യുമെന്നു പറഞ്ഞിരുന്നല്ലോയെന്നു മറുപടി നല്‍കി. അർധരാത്രിയോടെ തീരുമാനമെടുക്കുമെന്നും ഒബാമ പറഞ്ഞിരുന്നതായി റോഡ്സ് എഴുതുന്നു.

യുഎസ് വൈസ് പ്രസിഡന്റായിരുന്ന ജോ ബിഡന്റെ ഇടപെടലുകളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. യുഎസ് പ്രസിഡന്റായിരുന്ന എട്ടു വർഷക്കാലം ഒബാമയുടെ സഹായിയായിരുന്നു ബെൻ റോഡ്സ്. അമേരിക്കയിലെ ജനങ്ങളോട് ബിൻ ലാദന്റെ മരണവാർത്ത അറിയിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ഒബാമ സർദാരിയെ ഫോണിൽ ബന്ധപ്പെട്ടത്.