രോഷമറിയിച്ച് സുധീരന്‍റെ ഇറങ്ങിപ്പോക്ക്; കോണ്‍ഗ്രസ് നാശത്തിലേക്കെന്ന് തുറന്നടി

തിരുവനന്തപുരം∙ പൊട്ടിത്തെറികള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കുമിടെ കെ.എം. മാണി യുഡിഎഫ് യോഗത്തില്‍. എന്നാല്‍ ശക്തമായ വിയോജിപ്പറിയിച്ചു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ യുഡിഎഫ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കല്ലെന്നും മാറിനില്‍ക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വലിയ നാശത്തിലേക്കാണു പോകുന്നതെന്നു സുധീരന്‍ തുറന്നടിച്ചു. മാണിയെ തിരിച്ചുകൊണ്ടുവന്നതു സുതാര്യമായല്ല. മുന്നണിയില്‍ ഇല്ലാതിരുന്ന പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് നൽകിയതും സുതാര്യമല്ല. അണികള്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനമാണു വേണ്ടത്. ഇപ്പോഴെടുത്ത തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയെന്നും സുധീരന്‍ ആഞ്ഞടിച്ചു.

മതനിരപേക്ഷ സഖ്യം ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്കു ഗുണം ലഭിക്കാനുമാണു തീരുമാനമെന്ന് കെ.എം. മാണി പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം തീരുമാനം പ്രഖ്യാപിച്ച മാണി പിന്നീട് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും ഒരുമിച്ച് നീങ്ങാമെന്നും യോഗത്തില്‍ മാണി പറഞ്ഞു.