ആന ഇടഞ്ഞില്ല, അതിന്റെ പേരിൽ എംഎൽഎ ഇടഞ്ഞു; പ്രശ്നം നിയമസഭയിലേക്കും

Representative Image

പത്തനംതിട്ട∙ ആനപ്രശ്നം രാഷ്ട്രീയപ്രശ്നമായി വളർന്നതോട പുലിവാലു പിടിച്ചിരിക്കുകയാണു വനംവകുപ്പ്. കോന്നി ആനത്താവളത്തില 19 വയസുകാരൻ കൊമ്പൻ സുരേന്ദ്രനെ കുങ്കിയാന പരിശീലനത്തിനായി തമിഴ്നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു. കേരളത്തിലിപ്പോൾ കുങ്കിയാനകൾ ഇല്ല.

കാടിറങ്ങിവരുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ പരിശീലനം ലഭിച്ച കുങ്കിയാനകൾ തന്നെ വേണം. ഇപ്പോൾ ആവശ്യം വരുമ്പോൾ തമിഴ്നാട്ടിൽ നിന്നെത്തിക്കുകയാണു പതിവ്. ഇത് എപ്പോഴും സാധ്യമായെന്നു വരില്ല. അതുകൊണ്ടാണ് കുങ്കിയാനകളെ പരിശീലിപ്പിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ സർക്കാർ കാട്ടിയുമില്ല.

കോന്നി ഇക്കോ ടൂറിസം ‍സെന്ററിലെ പ്രധാന ആകർഷണം ആനകളാണ്. എന്നാൽ ഇടയ്ക്ക് ഇവിടെ നിന്നു രണ്ട് ആനകളെ കൊണ്ടുപോയതിനു പകരം ആനകളെ കൊടുത്തിട്ടില്ലെന്നും ഇപ്പോൾ ഒരു ആനയെ കൂടി കൊണ്ടുപോകുന്നതു തന്റെ മണ്ഡലത്തിലെ ടൂറിസം പദ്ധതിയെ തകർക്കാനാണെന്നും ഉള്ള എംഎൽഎയുടെ ആരോപണത്തെ പ്രതിരോധിക്കാൻ സർക്കാർ തലത്തിൽ കഴിഞ്ഞില്ല. കോന്നി മണ്ഡലത്തിൽ പോലും കാട്ടാന ശല്യം രൂക്ഷമാണ്. കുങ്കിയാന പരിശീലനം ലഭിച്ച ആന ഇവിടെയുണ്ടെങ്കിൽ അതു കർഷകർക്കു ഗുണകരമാകും എന്നു ബോധ്യപ്പടുത്താനും ആയില്ല. 

പകരം രണ്ടാനകളെ എത്തിക്കാൻ സർക്കാരിനാകും. തിരുവനന്തപുരത്തിനടുത്ത കോട്ടൂരിലെ ആനപരിശീലന കേന്ദ്രത്തിൽ 27 ആനകളുണ്ട്. ഇവിടെനിന്ന് രണ്ട് ആനകളെ എത്തിക്കുമെന്ന് മന്ത്രി എംഎൽഎയോടു പറഞ്ഞെങ്കിലും എന്ന് എത്തിക്കുമെന്നു മാത്രം പറഞ്ഞില്ല. അതോടെ ആനയെ കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കേണ്ടിവന്നു. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിലും ഇതു വിഷയമായേക്കും.

കാട്ടാനശല്യം കാരണം ഏറ്റവും വലയുന്ന പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള എംഎൽഎമാർ വിഷയം ഉന്നയിക്കാനൊരുങ്ങുകയാണ്. കുങ്കിയാനകളെ പരിശീലിപ്പിക്കണമെന്ന ആവശ്യം അവർ ഉയർത്തും. പക്ഷേ പകരം ആനയെ കൊടുക്കാതെ കോന്നിയിലെ വിഷയം തീർക്കാനും സാധിക്കില്ല. സർക്കാർ അൽപം പ്രായോഗിക ബുദ്ധി കാണിച്ചാൽ പ്രശ്നം അനായാസം പരിഹരിക്കുകയും ചെയ്യാം.

എന്തുകൊണ്ട് സുരേന്ദ്രൻ?

കോട്ടൂരിൽ 27 ആനകൾ ഉള്ളപ്പോൾ എന്തിനു സുരേന്ദ്രനെ തന്നെ പരിശീലനത്തിനു കൊണ്ടുപോകുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. വനംവകുപ്പിന്റ കീഴിലുള്ള എല്ലാ ആനകളെയും നിരീക്ഷിച്ച ശേഷമാണ് സുരേന്ദ്രനെയും കോടനാട്ടുനിന്നുള്ള മറ്റൊരാനയെയും തിരഞ്ഞെടുത്തത്.

അൽപം ചട്ടമ്പിത്തരമുള്ള ആനയെ മാത്രമേ കുങ്കിയാന പരിശീലനത്തിന് അയയ്ക്കാനാവൂ. ആരാടാ എന്നു ചോദിച്ചാൽ എന്താടാ എന്നു ചോദിക്കുന്ന ചട്ടമ്പി തന്നെ. അങ്ങനെയുള്ള ആനയ്ക്കേ ഭയമില്ലാതെ കാട്ടാനയെ തുരത്താനാവൂ. മാത്രമല്ല, പൂർണമായി ചട്ടം പഠിപ്പിച്ച ആനയും ആവരുത്. സുരേന്ദ്രന് ഈ ഗുണങ്ങളെല്ലാമുണ്ട്. അതുകൊണ്ടാണു നറുക്കുവീണതും!