ആൾദൈവം ഭയ്യുജി മഹാരാജ് തലയിൽ സ്വയം വെടിവച്ച് മരിച്ചു

ഭയ്യുജി മഹാരാജ്.

ഇൻഡോർ∙ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പ്രശസ്തനായ സ്വയം പ്രഖ്യാപിത ആൾദൈവം ഭയ്യുജി മഹാരാജ് (50) സ്വയം വെടിവച്ച് മരിച്ചു. മധ്യപ്രദേശിൽ അടുത്തിടെ സർക്കാർ മന്ത്രിപദവി അനുവദിച്ച ആത്മീയ നേതാവാണ്. ‘കുടുംബ പ്രശ്നങ്ങളെ’ തുടർന്നു ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തു. ഇൻഡോറിലെ ബോംബെ ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്.

ഇൻഡോറിലെ ആശ്രമത്തിൽനിന്നു ഗുരുതരാവസ്ഥയിലാണു ഭയ്യുജി മഹാരാജിനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ അദ്ദേഹം സ്വയം വെടിവച്ചതാണെന്നു മനസ്സിലായതായും പൊലീസ് ഓഫിസർ ജയന്ത് റാത്തോഡ് മാധ്യമങ്ങളോടു പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. മറ്റു നാലു സന്യാസിമാർക്കൊപ്പം ഭയ്യുജി മഹാരാജിനും പ്രത്യേക മന്ത്രിപദവി നൽകി ആദരിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം വിവാദമായിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗായിക ലത മങ്കേഷ്കർ തുടങ്ങിയ നിരവധി പ്രമുഖർ ഇദ്ദേഹത്തിന്റെ അനുഗ്രഹം തേടി വരാറുണ്ട്. 2011ൽ അണ്ണാ ഹസാരെയും അരവിന്ദ് കേജ്‍രിവാളും നടത്തിയ അഴിമതിവിരുദ്ധ സമരത്തിൽ ചർച്ചകളുടെ ഇടനിലക്കാരനായും ഇദ്ദേഹം സജീവമായിരുന്നു.