കൊച്ചി തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു, ഒരാൾക്ക് ഗുരുതര പൊള്ളൽ

എം.വി.നളിനി (ഫയൽ ചിത്രം)

കൊച്ചി∙ കൊച്ചി തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിനു തീപിടിച്ചു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലായ എംവി നളിനിക്കാണു തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് 80 ശതമാനം പൊള്ളലേറ്റതായാണു വിവരം. ഇദ്ദേഹത്തെ നാവികസേനയുടെ ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മാറ്റി. നാഫ്തയുമായി പോകുകയായിരുന്നു കപ്പൽ.

22 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി നാവിക സേന അറിയിച്ചു. കപ്പൽ കൊച്ചിതീരത്തേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടരുകയാണ്. കൊച്ചി തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്പോൾ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. 

എൻജിൻ റൂമിലാണു തീപിടിത്തമുണ്ടായതെന്നാണു വിവരം. പൊട്ടിത്തെറിയോടു കൂടിയാണു തീപിടിത്തമുണ്ടായതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂർണമായും തകരാറിലായി. പ്രൊപ്പൽഷൻ സംവിധാനവും പ്രവർത്തനരഹിതമായിരിക്കുകയാണ്. 

കപ്പലിൽ നിന്ന് എത്രയും പെട്ടെന്നു ജീവനക്കാരെ രക്ഷിക്കണമെന്നു സന്ദേശം ലഭിച്ചിരുന്നു. സതേൺ നേവൽ കമാൻഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ അപകടസ്ഥലത്തേക്കു തിരിച്ചു. ‘സീ കിങ്’ ഹെലികോപ്റ്ററും സജ്ജമാക്കുന്നുണ്ട്. കൂടുതൽ ക്രൂ അംഗങ്ങളെ രക്ഷിക്കേണ്ടതുണ്ടെങ്കിലാണു ‘സീ കിങ്ങി’നെ രക്ഷാപ്രവർത്തനത്തിന് എത്തിക്കുക. കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് ബോട്ട് അയച്ചിട്ടുണ്ട്. സതേൺ നേവൽ കമാൻഡിന്റെ ഐഎൻഎസ് കൽപേനിയും സംഭവസ്ഥലത്തേക്കു തിരിച്ചു.