പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഈദ് മധുരം കൈമാറാതെ ഇന്ത്യ

ന്യൂഡൽഹി∙ അതിർത്തിയില്‍ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ ഈദ് ദിനത്തിൽ പാക്കിസ്ഥാനു മധുരം കൈമാറാതെ ഇന്ത്യ. പതിറ്റാണ്ടുകളായി അഠാരി – വാഗാ അതിർത്തിയിൽ നിലനിൽക്കുന്ന ചടങ്ങാണ് ഈപ്രാവശ്യം മുടങ്ങിയത്.

വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ചു കൊണ്ടുള്ള പാക്കിസ്ഥാന്റെ തുടർച്ചയായ ആക്രമണത്തെ തുടർന്നാണ് അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ചടങ്ങു വേണ്ടായെന്നു തീരുമാനിച്ചത്. മധുരം കൈമാറാത്തതിനു പിന്നിൽ കുറച്ചു കാരണങ്ങളുണ്ടെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ കെ. കെ. ഖന്ന പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയും രാജൗറി ജില്ലയിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് മണിപ്പൂർ സ്വദേശിയായ സൈനികൻ ബികാസ് ഗുരുങ് വീരമൃത്യു വരിച്ചിരുന്നു.

റമസാൻ മാസത്തിൽ ഇന്ത്യ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ച് വെടിവെക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈദ് ദിനത്തിൽ പോലും പ്രകോപനപരമായി ആക്രമണം നടത്തുന്നത് അസന്മാർഗികമാമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. പാക്കിസ്ഥാൻ തുടർച്ചയായി ആക്രമണം നടത്തുന്നതിനാൽ വെടിനിർത്താൽ ഇനിയും തുടരണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലിന്റെ സമയം ഇന്നവസാനിക്കും.

വിശേഷ ദിവസങ്ങളിൽ അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ‍ മധുരം കൈമാറുന്ന രീതിയുണ്ട്. ഇതാദ്യമാണ് ഈദ് ദിനത്തിൽ മധുര കൈമാറ്റം മുടങ്ങുന്നത്. ഈ വർഷമാദ്യം റിപ്പബ്ലിക്ക് ദിനത്തിലും അഠാരി–വാഗ അതിർത്തിയിൽ മധുരം കൊമാറിയിരുന്നില്ല.