കൂടുതൽ അടുക്കാൻ കൊറിയകൾ; ഏഷ്യൻ ഗെയിംസിൽ ഒന്നിച്ചു മൽസരിക്കുന്നതിനെപ്പറ്റി ചർച്ച

സോൾ∙ ഡോണൾ‍ഡ് ട്രംപ്–കിം ജോങ് ഉൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, കൊറിയ സമാധാനത്തിന്റെ ട്രാക്കിലേക്ക് കൂടുതൽ അടുക്കുന്നു. ഓഗസ്റ്റിൽ ഇന്തൊനീഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഒന്നിച്ചു പങ്കെടുക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യാൻ ഇരു കൊറിയകളിലെയും ഉദ്യോഗസ്ഥതല യോഗം അതിർത്തിഗ്രാമത്തിൽ നടക്കും.

ഏഷ്യൻ െഗയിംസിൽ ഒന്നിച്ചു മൽസരിക്കുന്നതിനെക്കുറിച്ചാണു പ്രധാനമായും ചർച്ചയെന്നും ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദ ബാസ്കറ്റ്ബോൾ മൽസരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയൻ കായിക മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരിയിൽ ദക്ഷിണ കൊറിയയിൽനടന്ന ശീതകാല ഒളിംപിക്സിലെ പരേ‍ഡിൽ ഇരു രാജ്യങ്ങളും ഒന്നിച്ചാണു പങ്കെടുത്തത്. വനിതാ ഹോക്കിയിൽ ഇരു രാജ്യങ്ങളുംചേർന്ന് ഒളിംപിക് ടീമും രൂപീകരിച്ചിരുന്നു.